NEWS

സഭയിൽ മൈക്ക് വലിച്ചെറിഞ്ഞ് എംഎൽഎയുടെ പ്രതിഷേധം: മുഖ്യമന്ത്രിക്കും വിമർശനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ നടന്ന ജോൾജിബി മേളയ്ക്കിടെ കോൺഗ്രസ് എംഎൽഎ ഹരീഷ് സിങ് ധാമിയുടെ ഭാഗത്തുനിന്നുണ്ടായ അക്രമാസക്തമായ പെരുമാറ്റം വിവാദമായി. വേദിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിനെത്തുടർന്ന് അക്ഷരാർത്ഥത്തിൽ നിയന്ത്രണം വിട്ട എംഎൽഎ, മൈക്ക് വലിച്ചെറിയുകയും ശബ്ദസംവിധാനം കൈകാര്യം ചെയ്തിരുന്ന ജീവനക്കാർക്കുനേരെ അധിക്ഷേപങ്ങൾ ചൊരിയുകയുമായിരുന്നു. ശനിയാഴ്ച അരങ്ങേറിയ ഈ നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് എംഎൽഎ രോഷാകുലനായി രംഗത്തെത്തിയത്. മേളയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നിട്ടും തനിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാൻ വേദിയിൽ സമയം അനുവദിച്ചില്ലെന്ന് ഹരീഷ് ധാമി ആരോപിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ ബഹളത്തിൽ കലാശിച്ചത്. തന്നെ ബോധപൂർവം സംസാരിക്കുന്നതിൽ നിന്ന് വിലക്കിയെന്നും മൈക്ക് ഓഫ് ചെയ്ത് അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. വേദിയിൽ വച്ചുതന്നെ ഉച്ചത്തിൽ സംസാരിച്ച എംഎൽഎയെ പിന്തുണച്ച് അനുയായികളും എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ദൃശ്യങ്ങളിൽ, എംഎൽഎ കോപാകുലനായി മൈക്ക് ദൂരേക്ക് വലിച്ചെറിയുന്നതും അവിടെയുണ്ടായിരുന്നവരുമായി തർക്കിക്കുന്നതും വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ ഇടപെട്ടാണ് ഒടുവിൽ സാഹചര്യം നിയന്ത്രണവിധേയമാക്കിയത്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Indian_Analyzer എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)

Fashion ⏭️

Back to top button