ദേവസ്വം സ്വത്തിൽ ക്ഷേത്രം തന്ത്രിക്ക് അവകാശമില്ല: ഹൈക്കോടതി വിധി

കൊച്ചി ∙ ക്ഷേത്രങ്ങളിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കുമ്പോൾ നീക്കം ചെയ്യുന്ന പഴയ കൊടിമരവും അതിലെ ലോഹനിർമ്മിതമായ വാഹനങ്ങളും ദേവസ്വം ബോർഡിന്റെ മാത്രം സ്വത്താണെന്നും, അതിൽ തന്ത്രിമാർക്ക് യാതൊരുവിധ അവകാശവുമില്ലെന്നും ഹൈക്കോടതി വിധിച്ചു. ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും നേതൃത്വം നൽകാനും അവയുടെ മേൽനോട്ടം വഹിക്കാനും തന്ത്രിമാർക്ക് അധികാരമുണ്ടെങ്കിലും, ദേവസ്വത്തിന്റെ സമ്പത്തിൽ ഉടമസ്ഥാവകാശം ഉന്നയിക്കാൻ അവർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രങ്ങളിൽ പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ പഴയ കൊടിമരത്തിന്റെ മുകൾഭാഗത്തുള്ള വാഹന രൂപം തന്ത്രിക്ക് ദാനമായി ലഭിക്കണമെന്നത് തങ്ങളുടെ ആചാരപരമായ അവകാശമാണെന്നും, ഇത് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഖില തന്ത്രി പ്രചാരക സഭയുടെ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി, വൈസ് ചെയർമാൻ എൻ. വിഷ്ണു നമ്പൂതിരി എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.




