NEWS

ലാഭത്തിലായ പൊതുമേഖലാ ബാങ്ക് വിദേശ കമ്പനിക്ക് വിൽക്കാനുള്ള നീക്കം: വിലനിർണ്ണയത്തിൽ ദുരൂഹത

ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികൾ കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഗ്രൂപ്പിന് കൈമാറാനുളള കേന്ദ്ര സർക്കാർ നീക്കവും അത് സംബന്ധിച്ച നടപടിക്രമങ്ങളും രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുന്നു. ഏകദേശം 53,000 കോടി രൂപയുടെ വമ്പൻ ഇടപാടാണ് ഇതിലൂടെ നടക്കാൻ പോകുന്നത്.

നിലവിൽ കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവുമാണ് ബാങ്കിലെ ഓഹരി പങ്കാളിത്തം. ഈ വിൽപന നടപടികൾ പൂർത്തിയാകുന്നതോടെ സർക്കാരിന്റെ ഓഹരി 15 ശതമാനമായും എൽഐസിയുടേത് 19 ശതമാനമായും ചുരുങ്ങും. ഇതോടെ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിലേക്ക് മാറുകയും അവർ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി മാറുകയും ചെയ്യും. ഇന്ത്യൻ ധനകാര്യ മേഖലയിൽ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമായാണ് ഈ കൈമാറ്റം വിലയിരുത്തപ്പെടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കിട്ടാക്കടത്തിലും നട്ടംതിരിഞ്ഞിരുന്ന ഐഡിബിഐ ബാങ്കിനെ 2019-ലാണ് എൽഐസി ഏറ്റെടുത്ത് ലാഭകരമായ നിലയിലേക്ക് ഉയർത്തിയത്. എന്നാൽ, കഠിനമായ പരിശ്രമങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും ബാങ്കിനെ കരകയറ്റി ലാഭത്തിലാക്കിയ ശേഷം ഇപ്പോൾ അത് വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

Fashion ⏭️

Back to top button