രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാക്ക് ബന്ധം സംശയിക്കുന്ന രണ്ടുപേർ പിടിയിൽ; യുവതിയെ വലയിലാക്കിയത് ഐഎസ്ഐ?

ചണ്ഡീഗഡ്∙ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽവേ ട്രാക്ക് തകർക്കാൻ നടന്ന സ്ഫോടനക്കേസിൽ പങ്കാളികളായ യുവതിയും യുവാവും പഞ്ചാബിൽ വെച്ച് പിടിയിലായി. രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും (ATS), പഞ്ചാബ് പൊലീസും ശ്രീഗംഗാനഗർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ദവീന്ദൻ സിങ് (22), മഹക്ദീപ് കൗർ (21) എന്നിവർ പിടിയിലായത്.
കഴിഞ്ഞ നവംബർ മൂന്നാം തീയതി രാത്രി ഒമ്പതരയോടെ ശ്രീഗംഗാനഗറിലെ രാംസിങ്പുരിലുള്ള റെയിൽവേ പാളത്തിലായിരുന്നു സ്ഫോടനം നടന്നത്. അനുപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ട്രെയിൻ ഈ ഭാഗത്തുകൂടി കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രാക്കിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും രണ്ട് സ്ലീപ്പർ കോച്ചുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
പിടിയിലായ മഹക്ദീപ് കൗറിൽ നിന്ന് രണ്ട് തോക്കുകൾ, 46 തിരകൾ, കൂടാതെ 30,000 രൂപയും പൊലീസ് കണ്ടെടുത്തു. ഇവർക്ക് ആവശ്യമായ വാഹനസൗകര്യങ്ങളും ഒളിത്താവളങ്ങളും ഒരുക്കി നൽകിയ മറ്റ് മൂന്ന് പേരെക്കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.




