യുഎഇയിലെ അമുസ്ലിം ആരാധനാലയങ്ങളിൽ പണപ്പിരിവിനും സംഭാവനകൾക്കും വിലക്ക്: നിയമലംഘനത്തിന് കർശന ശിക്ഷ

അബുദാബി: യുഎഇയിലെ അമുസ്ലിം ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിബന്ധനകൾ ലംഘിക്കുന്ന പക്ഷം 7.5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതും, മുൻകൂട്ടി അനുവാദമില്ലാതെ പണം വിദേശത്തേക്ക് കൈമാറുന്നതും, വിദേശ ഏജൻസികളുമായി അനധികൃത ബന്ധം പുലർത്തുന്നതും അടക്കം 24 തരത്തിലുള്ള നിയമലംഘനങ്ങൾക്കാണ് കാബിനറ്റ് പിഴയും ശിക്ഷാ നടപടികളും തീരുമാനിച്ചിരിക്കുന്നത്.
മുന്നറിയിപ്പ് നൽകുന്നത് മുതൽ പിഴ ചുമത്തുകയും ആരാധനാലയങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്യുന്നത് വരെയാണ് ശിക്ഷാ നടപടികൾ. നിയമലംഘനം തുടർച്ചയായി നാലാം തവണയും ആവർത്തിക്കുകയാണെങ്കിൽ മൂന്നു മാസത്തേക്ക് പ്രവർത്തനം നിരോധിക്കും. ഈ വിലക്ക് വീണ്ടും നീട്ടാനുള്ള അധികാരം നിയമം നൽകുന്നുണ്ട്. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന പക്ഷം ആദ്യ തവണ ഒരു ലക്ഷം ദിർഹം, രണ്ടാം തവണ 2.5 ലക്ഷം, മൂന്നാം തവണ 5 ലക്ഷം എന്നിങ്ങനെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. അനുമതിയില്ലാതെ വിദേശത്തേക്ക് പണം അയച്ചാൽ യഥാക്രമം 50,000, ഒരു ലക്ഷം, 2.5 ലക്ഷം ദിർഹം വീതമാണ് പിഴ നൽകേണ്ടി വരിക. അംഗീകാരമില്ലാതെ സംഭാവനകൾ പിരിക്കുന്നതും അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നൽകുന്നതും ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ഇവയ്ക്ക് പുറമെ, ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുക, മേൽനോട്ടത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ നിയമിക്കാതിരിക്കുക, വാർഷിക പൊതുയോഗം വിളിച്ചുചേർക്കാതിരിക്കുക, ഭരണസമിതിയിൽ അനുമതിയില്ലാതെ അഴിച്ചുപണി നടത്തുക, സാമ്പത്തിക രേഖകളും കണക്കുകളും കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾക്കും കനത്ത പിഴ ലഭിക്കും. കൂടാതെ, യുഎഇയിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാതിരിക്കുക, കണക്കിൽ പെടാത്ത തുകകൾ ചെലവാക്കുക, വാർഷിക ബജറ്റും സാമ്പത്തിക റിപ്പോർട്ടുകളും കൃത്യസമയത്ത് സമർപ്പിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും നിയമനടപടികൾ നേരിടേണ്ടി വരും.




