ഒക്ടോബർ 7 ആക്രമണം: ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ വധിച്ച് ഇസ്രയേൽ

ടെൽ അവീവ്∙ കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് ഇസ്രയേലിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സമീർ അബു യൂനിസ് എന്ന നേതാവിനെയാണ് ശനിയാഴ്ച നടന്ന പ്രത്യേക സൈനിക നീക്കത്തിലൂടെ ഇസ്രയേൽ വധിച്ചത്.
ഞായറാഴ്ച രാവിലെ ഇസ്രയേൽ പ്രതിരോധ സേന (IDF) പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഡിഎഫും ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഐഎസ്എയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഉന്നതനായ ഈ ഹമാസ് നേതാവിനെ ഇല്ലായ്മ ചെയ്തതെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഇസ്രയേൽ തയ്യാറായിട്ടില്ല.
അതേസമയം, സമീർ അബു യൂനിസ് കൊല്ലപ്പെട്ടെന്ന വാർത്ത ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖാസം ബ്രിഗേഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും, ഇസ്രയേലിന്റെ ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്നും ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ അവർ ആരോപിച്ചു. ഖാൻ യൂനിസിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള അൽ മവാസിയിലാണ് ആക്രമണം നടന്നത്.




