SPORTS
രക്ഷിക്കാൻ പിആർ ഇല്ല, സിസ്റ്റവും ഒപ്പമില്ല, അജിൻക്യയെന്ന പരാതികളില്ലാത്ത പോരാളി; ഇങ്ങനെയൊരു താരം ഇനിയുണ്ടാകുമോ?

ക്രിക്കറ്റ് മൈതാനത്ത് ആരവങ്ങൾ ഉയരുമ്പോൾ, ക്യാമറക്കണ്ണുകൾ ആഘോഷങ്ങളുടെ തിളക്കത്തിൽ ആറാടുമ്പോൾ, എവിടെയോ ഒരു കോണിൽ അത്രമേൽ ശാന്തനായി, ഭാവവ്യത്യാസങ്ങളില്ലാതെ നിൽക്കുന്ന ഒരു രൂപമുണ്ടായിരുന്നു – അജിൻക്യ രഹാനെ! ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയധികം ആദരിക്കപ്പെടുകയും എന്നാൽ അതിലേറെ അർഹിച്ച അംഗീകാരങ്ങൾ നിശബ്ദമായി നിഷേധിക്കപ്പെടുകയും ചെയ്ത മറ്റൊരു ക്രിക്കറ്ററുണ്ടാകില്ല. വലിയ കോലാഹലങ്ങളോ, സോഷ്യൽ മീഡിയയിലെ ആർപ്പുവിളികളോ ഇല്ലാതെ, ഇന്ത്യൻ ക്രിക്കറ്റിലെ ആ ‘നിശബ്ദ യോദ്ധാവ്’ തന്റെ കരിയറിന് തിരശ്ശീലയിടുമ്പോൾ അത് വെറുമൊരു വിരമിക്കലല്ല, മറിച്ച് ക്രിക്കറ്റിലെ ഒരു സൗമ്യയുഗത്തിന്റെ അവസാനമാണ്.ഒരു താരത്തിന്റെ വ്യക്തിത്വം രൂപപ്പെടുന്നത് അയാൾ നടന്നുവന്ന വഴികളിലൂടെയാണ്. മുംബൈയിലെ ഡൊംബിവ്‌ലിയിൽ നിന്ന് ശിവജി പാർക്കിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക്, തിരക്കുപിടിച്ച ലോക്കൽ ട്രെയിനുകളിൽ വിയർത്തൊലിച്ച് യാത്ര ചെയ്തിരുന്ന ആ പഴയ കൗമാരക്കാരൻ എന്നും രഹാനെയിൽ ജീവിച്ചിരുന്നു. കൃത്യനിഷ്ഠയും അച്ചടക്കവുമായിരുന്നു അയാളുടെ നിക്ഷേപം. ഒരു ട്രെയിൻ വൈകിയാൽ പരിശീലനം മുടങ്ങുമെന്ന തിരിച്ചറിവ് നൽകിയ പാഠങ്ങൾ, പിന്നീട് ടെസ്റ്റ് ക്രിക്കറ്റിന്റെ കഠിനമായ നിമിഷങ്ങളിലും അയാളെ പതറാതെ നിർത്താൻ സഹായിച്ചു. മുംബൈ ക്രിക്കറ്റിന്റെ പരമ്പരാഗത തനിമ നെഞ്ചിലേറ്റിയ രഹാനെ, ഡ്രസ്സിങ് റൂമിന്റെ പവിത്രതയെ എന്നും ആദരിച്ചു. ടീമിന് മുകളിലല്ല താനെന്ന ബോധം അയാളെപ്പോഴും കാത്തുസൂക്ഷിച്ചു. രാഹുൽ ദ്രാവിഡിന്റെ കൂടെ രാജസ്ഥാൻ റോയൽസിൽ ചെലവഴിച്ച മണിക്കൂറുകളും, പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിലിരുന്ന് പങ്കുവച്ച ചിന്തകളും രഹാനെയെ എന്നത്തേക്കുമായി ഒരു ‘ക്ലാസിക്’ ബാറ്ററാക്കി മാറ്റി.∙ പ്രതിസന്ധികളിലെ രക്ഷകൻബാറ്റിങ് നിരയിൽ ഒരു രക്ഷകന്റെ ആവശ്യമുണ്ടാവുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻമാർ ആദ്യം തിരഞ്ഞത് രഹാനെയുടെ മുഖമായിരുന്നു. ടീം തകർന്നുതരിപ്പണമാകുന്ന ഘട്ടങ്ങളിലാണ് അജിൻക്യയിലെ യഥാർഥ പോരാളി ഉണർന്നത്.
Auto ⏭️


