മാസപ്പടി കേസ്; ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശശിധരൻ കർത്ത, മൊഴി പിൻവലിച്ചു

ശശിധരൻ കർത്ത
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പാണ് ഇപ്പോൾ ഒരു മാദ്ധ്യമം പുറത്തുവന്നിരിക്കുന്നത്.
2024 മേയ് 15നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ആരോപണമുണ്ട്. ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
അതേസമയം, മാസപ്പടിക്കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കൂടുതൽ പേർ സത്യവാങ്മൂലം തിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.
സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാർ, നിലവിലെ ജനറൽ മാനേജർ മനോഹർദാസ് എന്നിവർ തിരുത്തൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിയെ തുടർന്നുള്ളതാണ് മുമ്പ് നൽകിയ മൊഴി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. മൊഴി രേഖപ്പെടുത്തിയ പേജിൽ സ്ഥലം ഒഴിച്ചിട്ടെന്നും പിന്നീട് എഴുതിച്ചേർത്തെന്നും ആരോപിച്ചു. കോഴിക്കോട്ടെ റെയ്ഡിനിടെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നൽകിയ മൊഴിയും തിരുത്താൻ ഇഡിക്ക് സത്യവാങ്മൂലം ലഭിച്ചിരുന്നു.
മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പേരുകൾ പറയിച്ചെന്നാണ് വാരിസ് ആരോപിച്ചത്. തിരുത്തൽ സത്യവാങ്മൂലം സംബന്ധിച്ച് ഇഡി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാക്ഷികൾക്ക് ഇതിന് അവകാശമുണ്ടെന്നും അംഗീകരിക്കണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നുമാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.
RELATED TOPICS: MASAPPADY CASE, SASIDHARAN KARTHA, ED ALLEGATIONS, CMRL, KERALA POLITICS
Read News ⏭️


