SPORTS
ബംഗ്ലദേശ് മുൻ ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്റെ വീടിനു നേരെ പെട്രോൾ ബോംബേറ്, തീയിട്ട് അക്രമികൾ

ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാക്കിബ് അല്‍ ഹസന്റെ വീടിനു നേരെ ബോംബേറ്. ബുധനാഴ്ചയാണ് ഒരു സംഘം ആളുകൾ ഷാക്കിബിന്റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബംഗ്ലദേശിലെ മഗുരയിലെ കേശബ് മോറിലുള്ള വീടിനു നേരെയാണ് രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ വീടിനു തീയിട്ടതായാണ് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആൾ താമസമില്ലാത്ത വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ശ്രീലങ്കയിലാണ് ഷാക്കിബ് ഇപ്പോഴുള്ളത്.സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഷാക്കിബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ നിയമ നടപടികളുടെ ഭാഗമായി ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളിൽ ഷാക്കിബിനുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ട്വന്റി20 ലോകകപ്പ് കളിക്കാൻ ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന ഇടക്കാല സര്‍ക്കാരിന്റെ നിലപാടിനെ ഷാക്കിബ് രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. 2024 ൽ ബംഗ്ലദേശ് വിട്ട ഷാക്കിബ്, കുടുംബത്തോടൊപ്പം യുഎസിലാണു താമസിക്കുന്നത്.
Auto ⏭️


