SPORTS

‘മാന്യമായി വിരമിക്കണോ അതോ…’: സെലക്ടർമാരെ കണ്ട് രോഹിത്, ഒപ്പം ഗംഭീറും; ചർച്ചയിൽ സംഭവിച്ചത്


മുംബൈ ∙ അഭ്യൂഹങ്ങളും കിംവദന്തികളും ശരിയാകുകയാണെങ്കിൽ സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായ രോഹിത് ശർമയുടെ കരിയറിന് തിരശ്ശീല വീഴുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി ബിസിസിഐയും ഇന്ത്യൻ ടീമും പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയതോടെ, ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് തന്നെ രോഹിത്തിന്റെ ഭാവി എന്താകുമെന്ന് ചർച്ചകളുണ്ടായിരുന്നു. 2027 അവസാനം ഇന്ത്യ ഏകദിന ലോകകപ്പ് കളിക്കുമ്പോൾ രോഹിത് ശർമയ്ക്ക് 40 വയസ്സ് തികയും. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കിടെ ബിസിസിഐ ഭാരവാഹികളുമായി രോഹിത് കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ തീരുമാനത്തിൽ താരം ‘അസംതൃപ്തൻ’ ആയിരുന്നെന്നുമാണ് റിപ്പോർട്ട്. ഈ പരമ്പരയ്ക്കു ശേഷം രോഹിത്തിനെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് അവർ വ്യക്തമാക്കിയെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സെലക്ഷൻ കമ്മിറ്റി രോഹിത് ശർമയോടും പരിശീലകൻ ഗൗതം ഗംഭീറിനോടും സംസാരിച്ചതായാണ് വിവരം. 2027 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് കൂടുതൽ മത്സരപരിചയം നൽകാനാണ് സെലക്ടർമാർ ലക്ഷ്യമിടുന്നത്.അതേസമയം, രോഹത്തിനു സമ്മർദമില്ലെന്നും താരത്തിനുമേൽ സമ്മർദം ചെലുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനു ശേഷം ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് പറഞ്ഞു. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ രോഹിത്തിന് മികച്ച രീതിയിൽ സ്കോർ ചെയ്യാനായില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് സമ്മർദത്തിലാക്കാൻ മാത്രം അദ്ദേഹം ഒരു മോശം കളിക്കാരനല്ലെന്ന് സിതാൻഷു പറഞ്ഞു. ‘‘രോഹിത് ശർമയെപ്പോലെയുള്ള ഒരു മികച്ച കളിക്കാരന് യാതൊരുവിധ സമ്മർദവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അത് അനുഭവിക്കാൻ മാത്രം അദ്ദേഹം ഒരു മോശം കളിക്കാരനല്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് ലഭിച്ചില്ല, പക്ഷേ അത് എന്തെങ്കിലും വ്യത്യാസം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല.’’– കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു.


Auto ⏭️

Back to top button