SPORTS

‘സ്ട്രൈക്ക് കൊടുക്കാതിരിക്കാൻ ഡോട്ട് ബോൾ, ഇതെന്ത് തന്ത്രമാണ്? കോലിയുണ്ടായിരുന്നെങ്കിൽ…’; ക്യാപ്റ്റൻ ഗില്ലിന് വൻ വിമർശനം


മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിനു പിന്നാലെ, ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. വിരാട് കോലി ഇപ്പോഴും കളിക്കുന്നുണ്ടായിരുന്നെങ്കിൽ ടീമിന്റെ പ്രകടനം ഈ അവസ്ഥയിലേക്കു പോകുമായിരുന്നില്ലെന്ന് മുഹമ്മദ് കൈഫ് യുട്യൂബ് ചാനലിൽ തുറന്നടിച്ചു. മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെയും കൈഫ് വിമർശിച്ചു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ ഫോളോ ഓണിന് അയച്ച ഇന്ത്യ, അവസാന ദിവസം സമനില വഴങ്ങുകയായിരുന്നു.‘‘ഗ്രൗണ്ടിൽ ക്യാപ്റ്റൻ ഗില്‍ ഒരു സഹായവും ലഭിക്കാതെ നിൽക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ അനുഭവ സമ്പത്തുള്ള ഒരുപാടു താരങ്ങളൊന്നുമില്ല. കെ.എൽ. രാഹുൽ അവിടെയുണ്ട്. ഋഷഭ് പന്തുണ്ട്. 90 മത്സരങ്ങൾ കളിച്ച ജഡേജയുണ്ട്. പക്ഷേ അദ്ദേഹത്തെ നായക സ്ഥാനത്തേക്കൊന്നും പരിഗണിച്ചിട്ടില്ല. ഗിൽ പല തവണ ബോളർമാരുടെ അടുത്തേക്കു പോകുന്നതു ഞാൻ കണ്ടിരുന്നു. എന്നാൽ ഡോട്ട് ബോളുകള്‍ എറിയുകയായിരുന്നു ഇന്ത്യയുടെ തന്ത്രം. സോനലിന് പന്തു നൽകാതിരിക്കാൻ വൈഡ് എറിയുകയെന്നതായിരുന്നു ഇന്ത്യയുടെ മറുപടി. ഇങ്ങനെയൊന്ന് സത്യം പറഞ്ഞാൽ ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യൻ ടീം നിസ്സഹായരായിപ്പോകുന്ന അവസ്ഥയായിരുന്നു. സോനലിന് സ്ട്രൈക്ക് കിട്ടാതിരിക്കാൻ ഓവറിലെ അവസാന പന്ത് ഡോട്ട് ബോൾ എറിയാനായിരുന്നു അവരുടെ ശ്രമം.’’– മുഹമ്മദ് കൈഫ് വിമർശിച്ചു.


Auto ⏭️

Back to top button