NEWS
‘നീയാണ് അടുത്ത മെസ്സി’; നഫലിനെ ഫോണിൽ വിളിച്ച് മന്ത്രി

പുത്തനത്താണി ∙ ‘നീയാണ് അടുത്ത മെസ്സി’. മുഹമ്മദ് നഫലിന്റെ കിടിലൻ ഫുട്ബോൾ കളിയും അവന്റെ സൂപ്പർ ഗോളും തുടർന്നു കളിക്കളത്തിലുണ്ടായ തകർപ്പൻ ആവേശവും ഇൻസ്റ്റഗ്രാമിൽ കണ്ടശേഷം മന്ത്രി ഒ.ജെ.ജനീഷ്, നഫലിനെ ഫോണിൽ വിളിച്ച് സ്നേഹത്തോടെ പറഞ്ഞത് ഇങ്ങനെയാണ്. മുഹമ്മദ് നഫലിന്റെ ഫുട്ബോൾകളി സമൂഹമാധ്യമങ്ങളിലൂടെ കണ്ടവരൊക്കെ ആഗ്രഹിക്കുന്നതും അതുതന്നെ.കന്മനം എഎംയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ടി.മുഹമ്മദ് നഫൽ. വളവന്നൂർ പഞ്ചായത്തിലെ സ്കൂളുകൾക്കായി ഫെബ്രുവരിയിൽ സ്കൂളിൽ നടത്തിയ ഫുട്ബോൾ മത്സരത്തിലാണ് നഫൽ കാൽപന്തുകളിയിൽ ഇന്ദ്രജാലം തീർത്തത്. മത്സരത്തിൽ നഫലിന്റെ ടീം ജേതാക്കളായി. പൂർവവിദ്യാർഥിയായ മുഹമ്മദ് റിഷാദ് ചെവപ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കളിയുടെ വിഡിയോ ഇതിനകം 65 ലക്ഷത്തിലധികം പേരാണു കണ്ടത്. അർജന്റീനയുടെ കടുത്ത ആരാധകനായ മുഹമ്മദ് നഫൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഫുട്ബോൾ കളിച്ചുതുടങ്ങി. നഫലിന്റെ കളിക്കമ്പം തിരിച്ചറിഞ്ഞ അധ്യാപകർ ഫുട്ബോൾ മത്സരങ്ങളിൽ നഫലിന് അവസരം നൽകി. പ്രധാനാധ്യാപിക എൻ.ജയശ്രീയുടെ നിർദേശപ്രകാരം സ്കൂളിലെ അധ്യാപകർ തന്നെയാണ് പരിശീലകരായി രംഗത്തെത്തിയത്.
Fashion ⏭️




