NEWS
യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; സൗദി തിരിച്ചടി ശക്തം: മോക്ക തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

ദുബായ് ∙ സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്നു യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. യെമനിൽ ഹൂതി വിമതർ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങിയതിനു പിന്നാലെയാണു ഭീഷണി മുഴക്കിയത്. സൗദി ഇതിനോടു പ്രതികരിച്ചിട്ടില്ല. അതേസമയം, അതിരൂക്ഷ പോരാട്ടത്തിനൊടുവിൽ യെമൻ തുറമുഖ നഗരമായ മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഒരു മാസം മുൻപാണ് ഹൂതി വിമതർ മോക്ക പിടിച്ചെടുത്തത്. മോക്ക പിടിച്ചെടുത്തതോടെ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികളുടെ കൈകളിലായിരുന്നു. ബാബുൽ മൻദിബിന്റെ നിയന്ത്രണം വീണ്ടും സൗദി സഖ്യസേന ഏറ്റെടുക്കുമെന്നാണ് വിവരം. 2014 മുതൽ ഹൂതികൾ കൈവശം വച്ചിരിക്കുന്ന യെമൻ തലസ്ഥാനമായ സനാ തിരിച്ചു പിടിക്കാൻ അതിരൂക്ഷ ആക്രമണമാണു നടക്കുന്നത്. യെമൻ സേനയ്ക്കു സൗദിയുടെ 100 യുദ്ധ വിമാനങ്ങൾ പിന്തുണ നൽകുന്നുണ്ട്. തന്ത്രപ്രധാനമായ 324 ലക്ഷ്യങ്ങൾ തകർത്തതായി യെമൻ പ്രസിഡന്റ് റഷാദ് അൽ അലീമി പറഞ്ഞു.
Fashion ⏭️




