SPORTS
22 വർഷത്തെ നിയമ പോരാട്ടം, ക്രിമിനൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വെറുതെവിട്ട് കോടതി

അഹമ്മദാബാദ്∙ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ കുറ്റവിമുക്തനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 2004 ലാണ് ഇന്ത്യൻ താരം ജേക്കബ് മാർട്ടിനെതിരെ പൊലീസ് എഫ്ഐആറിട്ടത്. എന്നാൽ 22 വർഷത്തെ നിയമപോരാട്ടത്തിനു ശേഷം വഡോദര സ്വദേശിയായ മുൻ ഇന്ത്യൻ താരം കുറ്റവിമുക്തനാകുകയായിരുന്നു. യുകെ ഇമ്മിഗ്രേഷൻ സ്റ്റാംപ്, യാത്രാ രേഖകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ജേക്കബ് മാർട്ടിൻസ് വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ ഇടപാടുകൾ തെളിയിക്കുന്ന വിശ്വസനീയമായ രേഖകളില്ലെന്നു നിരീക്ഷിച്ചാണ് പട്യാല ഹൗസ് കോടതി താരത്തെ വെറുതെവിട്ടത്.22 വർഷം നീണ്ട നിയമ പോരാട്ടം തന്നെ വലിയ സമ്മർദത്തിലേക്ക് കൊണ്ടെത്തിച്ചെന്നും ഇന്ത്യൻ റെയില്‍വേയിലെ ജോലി നഷ്ടമായെന്നും മാർട്ടിൻ വെളിപ്പെടുത്തി. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ച ജേക്കബ് മാർട്ടിന് 22.57 ശരാശരിയിൽ 158 റൺസാണു സ്കോർ ചെയ്തത്. 2001 ൽ കെനിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2009 വരെ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കു വേണ്ടിയും താരം കളിക്കാനിറങ്ങി.
Auto ⏭️


