NEWS
തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി; പക്ഷേ വിശ്വാസ്യത തകർന്നില്ല; ഇടതുപക്ഷം തിരിച്ചുവരും: എം.എ.ബേബി

കൊച്ചി ∙ കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിൽ അസാധാരണ തിരിച്ചടിയുണ്ടായെങ്കിലും ഇടതുപക്ഷം ഇല്ലാതാകില്ലെന്നും തിരിച്ചു വരുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മനോരമ ന്യൂസ് കോൺക്ലേവ് 2026 ൽ ‘ദ് റിയൽ ലെഫ്റ്റ്’ എന്ന സെഷനിൽ, മനോരമ ന്യൂസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ അയ്യപ്പദാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഇപ്പോൾ ഒരു സംസ്ഥാനത്തിലും ഭരണത്തിലില്ല. ഇതിനെ ഗൗരവമായി കാണണം. എന്നാൽ, തൊഴിലാളി വിഷയത്തിൽ പാർട്ടി കാര്യക്ഷമായി ഇടപെടുന്നു. ഇടതുപക്ഷം ഇല്ലാതാകില്ല. തിരിച്ചടി ഉണ്ടായാലും ഇടതുപക്ഷം തിരിച്ചു വരുമെന്നും ബേബി പറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിലപാട് മാറ്റുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരും മുഖ്യമന്ത്രിയും കെട്ടിപ്പൊക്കിയ പ്രതീക്ഷകൾ തകർന്നടിഞ്ഞു. യഡിഎഫ് സർക്കാർ പ്രതീക്ഷിച്ചതിലും വളരെ പിന്നിലാണ്. എന്നാൽ, കെഎസ്ആർടിസിയിൽ ചില കാര്യങ്ങൾ നടപ്പിലാക്കി.ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കാൻ കഴിയണം. മൂന്നു കമ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തു. മറ്റുള്ളവരെയും സഹകരിപ്പിച്ച് മുന്നോട്ടുപോകും. ഇക്കാര്യം കമ്യൂണിസ്റ്റ് പാർട്ടികൾ പ്രായോഗികമായി ഏറ്റെടുത്തിട്ടുണ്ട്. പാർട്ടി വലിയ വെല്ലുവിളി നേരിടുകയാണ്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത് ഇടതുപക്ഷമാണ്. അവസാനം യുപിഎ രാഷ്ട്രീയ നേതൃത്വം അതിന് അംഗീകാരം നൽകിയെന്നും ബേബി പറഞ്ഞു.ഓരോ വിഷയവും വിവിധ ഘട്ടങ്ങളിൽ പാർട്ടി ചർച്ച ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്ക് കേരളത്തിൽ പരുക്കേറ്റിട്ടില്ല. എന്നാൽ അത്തരം ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ചില ബലഹീനതകളും കുറവുകളും ഉണ്ടായിട്ടുണ്ട്. പരിമിതിക്കിടയിൽനിന്ന് ബദലുകൾ വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അപ്പോൾ ഇടത് നയങ്ങളിൽ ചില വഴിമാറ്റങ്ങൾ വേണ്ടിവരും. അതെങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതാണ് വെല്ലുവിളി. പാർട്ടിയിലെ ചർച്ചകൾ തന്നെ ചികിത്സയാണ്. പക്ഷേ ആ ചികിത്സകൊണ്ടു മാത്രം കാര്യമില്ല. തുടർ നടപടികൾ എടുക്കേണ്ടതുണ്ട്.
Fashion ⏭️


