SPORTS
‘അന്ന് അവർ ഫിറ്റായിരുന്നോ?’ താരങ്ങളുടെ തുടർപരുക്കുകളിൽ ഗില്ലിനും ഗംഭീറിനും അതൃപ്തി; ഫിസിയോ തെറിക്കും?

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റത്തിന്റെ കാറ്റുവീശുകയാണ്. ഫീൽഡിങ് കോച്ച് ടി.ദിലീപും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെയും അടുത്തിടെയാണ് പടിയിറങ്ങിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. ഇത്തവണ ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്ന ഫിറ്റ്നസ് വിദഗ്ധരുടെ സ്ഥാനമാണ് തുലാസിലായിരിക്കുന്നത്. സമീപകാലത്തായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര തുടങ്ങി ഒട്ടേറെ താരങ്ങൾക്കാണ് പരുക്കേറ്റത്. സത്യത്തിൽ, പ്രധാന താരങ്ങൾക്കേറ്റ പരുക്കുകൾ പലപ്പോഴും ടീമിന്റെ വിജയത്തെ ബാധിച്ചിട്ടുമുണ്ട്. ഇംഗ്ലണ്ടിലും അയർലൻഡിലും ഇന്ത്യ അടുത്തിടെ നേരിട്ട പരാജയങ്ങൾ ഈ പ്രശ്നങ്ങളുടെ ആഴം കൂട്ടി.‘‘ഹെഡ് ഫിസിയോ കമലേഷ് ജെയിന്റെയും സെന്റർ ഓഫ് എക്സലൻസിലെ (സിഒഇ) വിദഗ്ധരുടെയും പങ്കാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പരുക്കുകളുമായി ബന്ധപ്പെട്ട ഈ ആശങ്കകൾ ഒട്ടും നല്ലതല്ല, കാരണം ക്യാപ്റ്റനും കോച്ചും പൂർണ സജ്ജരായ ഒരു പ്ലെയിങ് ഇലവനെ കളത്തിലിറക്കാൻ നിരന്തരം ബുദ്ധിമുട്ടുകയാണ്. ആദ്യത്തെ 15 കളിക്കാരെപ്പോലും അവരുടെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാൻ കഴിയാത്തപ്പോൾ, എങ്ങനെയാണ് ശരിയായ പ്ലെയിങ് കോംബിനേഷനെക്കുറിച്ച് ചിന്തിക്കുക?.’’– ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു.അതേസമയം, ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ, സ്ഥാനമൊഴിഞ്ഞ ഫീൽഡിങ് കോച്ച് ടി. ദിലീപ് തിങ്കളാഴ്ച വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചു. ഈ യാത്ര തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്ന് പറഞ്ഞ അദ്ദേഹം, തന്റെ അഞ്ച് വർഷത്തെ സേവനകാലത്തെ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുക പ്രയാസമാണെന്നും കുറിച്ചു. 2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദിലീപിന്റെ കരാർ, സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്ക് ശേഷം പുതുക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരം സുഭദീപ് ഘോഷ് ഫീൽഡിങ് കോച്ചായി ചുമതലയേറ്റു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായി അദ്ദേഹം ടീമിനൊപ്പം ശ്രീലങ്കയിലേക്ക് തിരിക്കും.
Auto ⏭️


