കൺപോളകൾ തുടിക്കുന്നത് അവഗണിക്കണോ? ഡോക്ടറുടെ സഹായം എപ്പോൾ തേടണം?

സ്മാർട്ട്ഫോണിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുമ്പോഴോ അല്ലാത്തപ്പോഴോ ഇടയ്ക്കിടെ കൺപോളകൾ തുടിക്കാറുണ്ടോ? നിസാരമെന്ന് തോന്നുണ്ടെങ്കിലും ഇത്തരം അനുഭവം തുടർച്ചയായി ആവർത്തിക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ‘ഐലിഡ് മയോകൈമിയ’ (Eyelid Myokymia) എന്ന് വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ കൺപോളകളിലെ പേശികൾക്ക് സംഭവിക്കുന്ന നിയന്ത്രണമില്ലാത്ത ചുരുങ്ങലുകളാണ്. ഭൂരിഭാഗം കേസുകളിലും ഇത് താനേ സുഖപ്പെടാറുണ്ടെങ്കിലും നമ്മുടെ ചില ദൈനംദിന ശീലങ്ങൾ ഇതിനെ വഷളാക്കിയേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്ക്രീനുകളുമായുള്ള അമിത സമ്പർക്കമാണ് ഇതിനൊരു പ്രധാന കാരണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവ ദീർഘനേരം നോക്കിയിരിക്കുന്നത് കണ്ണുകളെ വലിയ തോതിൽ ക്ഷീണിപ്പിക്കുന്നു. സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ സ്വാഭാവികമായി കണ്ണുചിമ്മുന്നവരുടെ എണ്ണം കുറയുകയും അത് കണ്ണുകളിൽ വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും വഴിവെക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കണ്ണുകൾക്ക് ലഭിക്കുന്ന അമിത ആയാസവും വരൾച്ചയും കൺപോളകൾ തുടിക്കുന്നതിന് കാരണമാകുന്നു.
കൂടാതെ, വേണ്ടത്ര വിശ്രമമോ ഉറക്കമോ ലഭിക്കാത്തതും കഠിനമായ ജോലിഭാരവും മാനസിക സമ്മർദവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. അമിതമായി കാപ്പിയോ ചായയോ കുടിക്കുന്നതും പുകവലിയും മദ്യപാനവും ശീലമാക്കിയവരിൽ ഈ പ്രശ്നം കൂടുതൽ ശക്തമായി കണ്ടുവരുന്നു. ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ രീതികൾ, കഫീന്റെ അളവ്, സ്ക്രീൻ സമയം എന്നിവയിൽ കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്.
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് കാരണമാണോ കൺപോളകൾ തുടിക്കുന്നത് എന്ന് പലർക്കും സംശയമുണ്ടാകാം. എന്നാൽ കൺപോള തുടിക്കുന്നത് എല്ലായ്പ്പോഴും പോഷകക്കുറവ് കൊണ്ടുമാത്രമാകണമെന്നില്ല. അതിനാൽ കൃത്യമായ വൈദ്യപരിശോധനയില്ലാതെ സ്വന്തം നിലയ്ക്ക് പോഷക സപ്ലിമെന്റുകൾ കഴിക്കുന്നത് ഒഴിവാക്കണം.
കൺപോള തുടിക്കുന്നത് കുറയ്ക്കാൻ ചെറിയൊരു ശീലത്തിലൂടെ സാധിക്കും. സ്ക്രീൻ ഉപയോഗിക്കുമ്പോൾ ’20-20-20′ എന്ന നിയമം പാലിക്കാൻ ശ്രമിക്കുക. അതായത്, ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും 20 അടി അകലെയുള്ള ഏതെങ്കിലും ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നേരം ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകുന്നത് ഇത്തരം അസ്വസ്ഥതകളെ അകറ്റിനിർത്താൻ സഹായിക്കും.




