വിബി-ജി റാംജി പരാതി പരിഹാര സംവിധാനം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പിലാക്കിയ വിബി-ജി റാം ജി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം പരിഹാരം കാണാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. വേതനം ലഭിക്കുന്നതിലെ താമസം, ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ പരാതികൾ പരിശോധിക്കുന്നതിനായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കും. പരാതി ലഭിച്ചാൽ ഒരാഴ്ചയ്ക്കകം അന്വേഷണ നടപടികൾ പൂർത്തിയാക്കി, 15 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്നാണ് പുതിയ നിർദ്ദേശം. പഞ്ചായത്തുകളിൽ നേരിട്ട് സമർപ്പിക്കപ്പെടുന്ന പരാതികൾ ലഭിച്ച ദിവസം തന്നെ ഔദ്യോഗിക പോർട്ടലിൽ രേഖപ്പെടുത്തണം. പരാതികൾ സമർപ്പിക്കുമ്പോൾ കൃത്യമായ മാതൃകയിലല്ലെന്ന പേരിൽ അവ തള്ളിക്കളയാൻ പാടുള്ളതല്ല.
ഈ വിഷയത്തിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും. നിശ്ചിത സമയപരിധിയായ 15 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ, അത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് കൈമാറണം. ലഭിക്കുന്ന തീർപ്പിൽ അതൃപ്തിയുള്ളവർക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശവുമുണ്ടായിരിക്കും.




