പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി ചെയർമാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു

പിഎസ്‌സി ചെയർമാൻ എം ആർ ബൈജു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് സംഘം നൽകിയ നോട്ടീസ് പിഎസ്‌സി ചെയർമാൻ എം ആർ ബൈജു തള്ളി. രണ്ടാമതും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ നിർദ്ദേശം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇന്നലെ ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജി നിലവിലുള്ള കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അന്തിമ തീരുമാനം വരുന്നത് വരെ ചോദ്യം ചെയ്യലിന് എത്താൻ സാധിക്കില്ലെന്ന് ചെയർമാൻ ക്രൈംബ്രാഞ്ച് അധികൃതരെ അറിയിച്ചു. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നേരത്തെ പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കവേ, അന്വേഷണത്തിന്റെ മന്ദഗതിയെക്കുറിച്ച് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെയർമാനും അംഗങ്ങളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഭാഗം കോടതിയെ അറിയിച്ചപ്പോൾ, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി മൊഴിയും രേഖകളും സമർപ്പിക്കാൻ പിഎസ്‌സിക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് ചെയർമാനെയും മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യുന്ന നടപടികൾ ക്രൈംബ്രാഞ്ച് ശക്തമാക്കിയത്.
കഴിഞ്ഞ മാസം ചെയർമാൻ, സെക്രട്ടറി, നാല് പിഎസ്‌സി അംഗങ്ങൾ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, പരീക്ഷാ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തപ്പോൾ, കേസിൽ ചെയർമാൻ എം ആർ ബൈജുവിന് പങ്കുണ്ടെന്ന സൂചനകൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും വിളിപ്പിച്ചപ്പോഴാണ് അദ്ദേഹം ചോദ്യം ചെയ്യലിന് വിസമ്മതം അറിയിച്ചത്.




