ലഫ്താൻസ വിമാനത്തിൽ യാത്രക്കാരന്റെ ഭക്ഷണം തർക്കം, അടിയന്തര ലാൻഡിംഗ്; ആശങ്കയിൽ യാത്രക്കാർ

ഫ്രാങ്ക്ഫർട്ട്∙ ആകാശയാത്രയ്ക്കിടെ ജീവനക്കാരിലൊരാൾക്ക് പെട്ടെന്നുണ്ടായ കടുത്ത അലർജി മൂലം ലുഫ്താൻസ വിമാനം സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ അടിയന്തരമായി ഇറക്കി. ടെൽ അവീവിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര തിരിച്ച LH 687 എയർബസ് A321 വിമാനത്തിലാണ് അപ്രതീക്ഷിതമായ ഈ സാഹചര്യം ഉടലെടുത്തത്.
യാത്രാമധ്യേ വിമാനത്തിലെ ക്രൂ അംഗം അബദ്ധത്തിൽ എള്ള് ചേർന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചത്. എള്ളിനോട് ഗുരുതരമായ അലർജിയുണ്ടായിരുന്ന ജീവനക്കാരന് ഭക്ഷണം കഴിച്ചതിന് പിന്നാലെ തന്നെ ശ്വാസതടസ്സവും ബോധക്ഷയവും ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഈ സംഭവത്തെ തുടർന്ന്, രോഗബാധിതനായ ജീവനക്കാരന് പകരമായി മറ്റൊരാളെ ബെൽഗ്രേഡിലേക്ക് എത്തിക്കേണ്ടി വന്നതും, ഇന്ധനം നിറയ്ക്കാനായി വിയന്നയിൽ അധികമായി ഒരു സ്റ്റോപ്പ് നടത്തിയതും വിമാനം ഫ്രാങ്ക്ഫർട്ടിൽ എത്തുന്നതിന് മണിക്കൂറുകളുടെ കാലതാമസം വരുത്തി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ലുഫ്താൻസ അധികൃതർ ഖേദം രേഖപ്പെടുത്തി. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.




