NEWS

പമ്പ കെഎസ്ആര്‍ടിസി യാത്ര: വെര്‍ച്വല്‍ ബുക്കിങ് നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍

തിരുവനന്തപുരം ∙ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് പൂര്‍ത്തിയാക്കിയ തീര്‍ഥാടകരെ മാത്രമേ പമ്പയിലേക്ക് കൊണ്ടുപോകാവൂ എന്നും, അവരെ മാത്രമേ അവിടെ ഇറക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താത്ത അയ്യപ്പഭക്തരെ നിലയ്ക്കലില്‍ ഇറക്കി അവിടെയുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇവര്‍ അവിടെ സ്‌പോട്ട് ബുക്കിങ് നടത്തിയ ശേഷം മാത്രം പമ്പയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണം. ബസ് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ തന്നെ ഭക്തരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും, അതിന് അനുസൃതമായി പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് ഡിപ്പോകളിലും ബസുകളിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൈറ്റുകളിലും വിവിധ ഭാഷകളില്‍ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പമ്പയില്‍ ഇത്തവണ സ്‌പോട്ട് ബുക്കിങ് സൗകര്യം ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ നിലയ്ക്കലില്‍ മാത്രമാണ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുക്കിങ് നടത്താതെ നേരിട്ട് പമ്പയില്‍ എത്തുന്നവര്‍ക്ക് വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടി വരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും വഴിവെക്കുമെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം കെഎസ്ആര്‍ടിസിക്ക് അടിയന്തര നിര്‍ദേശം നല്‍കിയത്.

Fashion ⏭️

Back to top button