ദുബായ് അധ്യാപകർക്ക് പുതിയ നിയന്ത്രണം: മൊബൈൽ ഫോൺ ഉപയോഗം ഇനി കർശന നിരീക്ഷണത്തിൽ

ദുബായ് ∙ നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതിനായി സ്വന്തം ഫോൺ നമ്പറുകളോ വാട്സാപ് പോലുള്ള സ്വകാര്യ സമൂഹ മാധ്യമ അക്കൗണ്ടുകളോ ഉപയോഗിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇതുസംബന്ധിച്ച കർശന നിർദേശം പുറപ്പെടുവിച്ചത്.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും മുൻനിർത്തി കെഎച്ച്ഡിഎ ആവിഷ്കരിച്ച പുതിയ നയരേഖയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇതിൻപ്രകാരം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ആശയവിനിമയങ്ങൾക്കോ വേണ്ടി ഇനിമുതൽ അതത് സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള പ്ലാറ്റ്ഫോമുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
ഈ നിയമം സ്കൂൾ അധ്യാപകർക്ക് മാത്രമുള്ളതല്ല, മറിച്ച് കെഎച്ച്ഡിഎയുടെ പരിധിയിൽ വരുന്ന ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ മേഖലകൾക്കും ഒരുപോലെ ബാധകമാണ്. നഴ്സറികൾ, പ്രീ-സ്കൂളുകൾ, സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കൂടാതെ വിവിധ തരം വൊക്കേഷനൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിയന്ത്രണം കർശനമായി പാലിക്കണമെന്നാണ് നിർദേശം.




