ചികിത്സാച്ചെലവിനായി മലയാളികൾ ചെലവഴിച്ചത് 31,931 കോടി: ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറിൽ കേരളം രണ്ടാം സ്ഥാനത്ത്

ന്യൂഡൽഹി ∙ ആരോഗ്യപരിചരണത്തിനായി പൗരന്മാർ സ്വന്തം കൈയിൽനിന്ന് വലിയൊരു തുക ചെലവാക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് കേരളത്തിൽ ഇന്നും മാറ്റമില്ല. രാജ്യത്ത് പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ നിക്ഷേപം വൻതോതിൽ വർധിക്കുമ്പോഴും, ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിട്ട് പണം മുടക്കുന്നതിൽ (ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ) കേരളം ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ ‘നാഷനൽ ഹെൽത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്’ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2023–24 സാമ്പത്തിക വർഷത്തിലെ സംസ്ഥാനങ്ങളുടെ ആരോഗ്യച്ചെലവുകൾ വിശകലനം ചെയ്തുകൊണ്ടാണ് മന്ത്രാലയം ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, രാജ്യത്തെ ആരോഗ്യമേഖലയിൽ സർക്കാർ നടത്തിയിട്ടുള്ള മുതൽമുടക്ക് 2013–14ലെ 1.30 ലക്ഷം കോടി രൂപയിൽനിന്ന് 2023–24ൽ 4.14 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഒരാൾക്ക് സർക്കാർ ചെലവഴിക്കുന്ന തുകയും 2013–14 കാലയളവിലെ 1,042 രൂപയിൽനിന്ന് ഉയർന്ന്, 2023–24 ആയപ്പോഴേക്കും 2,959 രൂപയായി മാറിയിരിക്കുന്നു.




