CINEMA

ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പത്മപ്രിയ: ഒരു മാസമായി കട്ടിലിൽ വിശ്രമത്തിൽ


പത്മപ്രിയ

സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ചും നിലവിലെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മനസ്സുതുറന്ന് നടി പത്മപ്രിയ. ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ജമ്പ് ഷോട്ട് എടുക്കുന്നതിനിടെ കാലുകൾ തെറ്റായി നിലത്തുകുത്തിയതിനെ തുടർന്ന് ലിഗ്‌മെന്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് താരം വെളിപ്പെടുത്തിയത്. നീണ്ട നാളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘ഒരു മലയാള സിനിമയുടെ ചിത്രീകരണവേളയിലായിരുന്നു ഈ സംഭവം. അതിലെ ഒരു രംഗത്തിന് വേണ്ടി ഞാൻ ചാടേണ്ടതുണ്ടായിരുന്നു. നിർഭാഗ്യവശാൽ തെറ്റായ രീതിയിൽ ലാൻഡ് ചെയ്തതോടെ ലിഗ്‌മെന്റിന് സാരമായ പരിക്കേറ്റു. ഇത് വളരെ പ്രയാസകരമായ ഒരു അവസ്ഥയാണ്. സാധാരണയായി ഫുട്ബോൾ താരങ്ങൾക്ക് 21 വയസ്സിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള പരിക്കുകൾ സംഭവിക്കാറുണ്ടെന്നാണ് എന്റെ സർജൻ പറഞ്ഞത്. വ്യക്തിപരമായി എന്റെ ജീവിതത്തിലേക്ക് നോക്കിയാൽ ഇതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. അഭിനയ ജീവിതത്തിന് ശേഷം ഒരുകുഞ്ഞിന്റെ അമ്മയാകാനും എനിക്ക് സാധിച്ചു. ഈ കാലയളവിനുള്ളിൽ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നുചേർന്നു. കഴിഞ്ഞ ഒരു മാസമായി പൂർണ്ണമായും കിടപ്പിലായിരുന്നു. ഒരിടത്തു തന്നെ അനങ്ങാതെ വിശ്രമിക്കേണ്ടി വന്നു. ആ സമയങ്ങളിൽ വായനയിൽ മുഴുകിയെങ്കിലും ശാരീരികമായി ഒരിടത്ത് മാത്രം ഒതുങ്ങിക്കൂടുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. നിലവിൽ സുഖം പ്രാപിച്ചുവരികയാണെങ്കിലും ശരീരത്തിനുള്ളിൽ ഇപ്പോഴും പലതരത്തിലുള്ള അസ്വസ്ഥതകളുണ്ട്’- പത്മപ്രിയ പറയുന്നു.

പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിൽ കഴിഞ്ഞിരുന്ന സമയത്ത്, തന്റെ ആരോഗ്യവിവരങ്ങൾ തിരക്കി നിരവധി പേർ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും, അവർക്കുള്ള മറുപടി എന്ന നിലയിലാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Business ⏭️

Back to top button