SPORTS

സഞ്ജുവിന്റെ വെടിക്കെട്ട് അർധസെഞ്ചറിയും രോഹന്റെ മികച്ച പ്രകടനവും; മഹാരാഷ്ട്രയെ തകർത്ത് കേരളത്തിന് തകർപ്പൻ ജയം

ന്യൂ ചണ്ഡീഗഢിൽ അരങ്ങേറിയ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തിൽ മഹാരാഷ്ട്രയെ തകർത്തെറിഞ്ഞ് കേരളത്തിന് ഗംഭീര ജയം. എതിരാളികളെ 94 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത കേരളം നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 211 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് 16 ഓവറിൽ വെറും 117 റൺസെടുക്കാനേ സാധിച്ചുള്ളൂ. കേരളത്തിന്റെ ഈ ആധികാരിക വിജയത്തിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിങ് മികവും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ എം.ഡി. നിധീഷിന്റെ ബൗളിങ് പ്രകടനവുമാണ്. മത്സരത്തിലെ മികച്ച താരമായി നിധീഷിനെ തിരഞ്ഞെടുത്തു.

ബാറ്റിങ്ങിൽ തിളങ്ങിയ രോഹൻ കുന്നുമ്മൽ 47 പന്തുകളിൽനിന്ന് മൂന്ന് സിക്സറുകളും ഒൻപത് ബൗണ്ടറികളുമടക്കം 75 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജുവും രോഹനും തീർത്ത മികച്ച കൂട്ടുകെട്ടിനൊപ്പം, അവസാന ഓവറുകളിൽ സൽമാൻ നിസാർ നടത്തിയ തകർപ്പൻ വെടിക്കെട്ട് കൂടി ചേർന്നതോടെയാണ് കേരളം 211 റൺസ് എന്ന മികച്ച നിലയിലെത്തിയത്. സൽമാൻ നിസാർ പുറത്താകാതെ 13 പന്തുകളിൽനിന്ന് രണ്ട് വീതം സിക്സറുകളും ഫോറുകളുമടക്കം 29 റൺസ് നേടി. മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റുകളും വിക്കി ഓസ്വാൾ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Auto ⏭️

Back to top button