NEWS
ലോകകപ്പ് ഫൈനൽ: ക്ലാസിലിരുന്ന് ഉറക്കം തൂങ്ങേണ്ട; നാളെ അവധി നൽകി ഈ സ്കൂളുകൾ

കൊച്ചി ∙ ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കു ചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി വിവിധ സ്കൂളുകൾ. ഫൈനൽ ആഘോഷമാക്കാനാണു നാളെ അവധി പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാകും കളി അവസാനിക്കുക. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം കണക്കിലെടുത്താണ്തീരുമാനം. കുട്ടികളുടെ ആവേശം നിരുത്സാഹപ്പെടുത്താതെ, അവരുടെ ആവേശത്തിനൊപ്പം നിൽക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.വിദ്യാർഥികളുടെ മാനസിക, ശാരീരിക ക്ഷേമത്തിനും അവരുടെ കായിക ആവേശത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള തീരുമാനത്തെ രക്ഷിതാക്കളും ആവേശത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളാകട്ടെ, ഫുട്ബോൾ മത്സരവും നാളത്തെ അവധിയും ആഘോഷമാക്കാനുള്ള ആവേശത്തിലും.മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ്എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സെക്കൻഡറി സ്കൂളിൽ നാളത്തെ പരീക്ഷ മാറ്റിവച്ചു.
Fashion ⏭️


