NEWS
‘ജിന്നിന്റെ സഹായത്തോടെ രോഗം ഭേദമാക്കി’! ആഭിചാരക്രിയകളിൽ മുഴുകി ഭാര്യ, ‘കുടുംബം തകർത്തു’; വിവാഹബന്ധം വേർപ്പെടുത്തി ഷാർജ കോടതി

ഷാർജ∙ ആഭിചാരക്രിയകളിലും അന്ധവിശ്വാസങ്ങളിലും ഭാര്യ മുഴുകിയത് കുടുംബജീവിതത്തെ തകർത്തതായി കാട്ടി ഭർത്താവ് നൽകിയ ഹർജിയിൽ വിവാഹബന്ധം വേർപ്പെടുത്തി ഷാർജ ശരീഅത്ത് കോടതി. ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ റദ്ദാക്കിയ കോടതി രണ്ട് മക്കളുടെയും സംരക്ഷണാവകാശം പിതാവിന് കൈമാറാനും ഉത്തരവിട്ടു.ഭാര്യയും കുടുംബാംഗങ്ങളും ആഭിചാരക്രിയകൾ നടത്തുന്നുണ്ടെന്നും ഇത് കുടുംബത്തിലെ സമാധാനം നശിപ്പിച്ചെന്നും കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. മുൻപ് മറ്റൊരു കേസിന്റെ വിചാരണ വേളയിൽ ഭാര്യ നൽകിയ മൊഴിയും ഭർത്താവ് തെളിവായി ഹാജരാക്കി. ‘ഹംറൂഷ്’ എന്ന് പേരുള്ള ജിന്നിന്റെ സഹായത്തോടെ അമ്മവഴിയിലുള്ള അമ്മാവൻ തന്റെ രോഗം ഭേദമാക്കിയെന്ന് ഭാര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വിവരമാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. ∙ മക്കളിൽ ഭയവും മാനസിക സമ്മർദ്ദവും, കുട്ടികളുടെ നന്മയ്ക്ക് മുൻഗണന ഭാര്യയുടെ അന്ധവിശ്വാസങ്ങളും ആഭിചാര രീതികളും മക്കളുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചതായി ഭർത്താവ് ആരോപിച്ചു. അമ്മ ബന്ധപ്പെടുന്ന ജിന്നിന്റെ പേര് പോലും കുട്ടികൾക്ക് അറിമായിരുന്നു. ഇരുട്ടിലുള്ള ഭയം, ഉറക്കത്തിൽ പല്ലുകടിക്കുക, വിരൽ കടിക്കുക, മൂത്രമൊഴിക്കുക തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടുതുടങ്ങിയതോടെയാണ് പിതാവ് നിയമനടപടിയിലേക്ക് കടന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക വളർച്ചയെയും ഇത്തരം കാര്യങ്ങൾ തകർക്കുമെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
Fashion ⏭️


