NEWS
സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു; പല സർവീസുകളും നിർത്തി കെഎസ്ആർടിസി

കോട്ടയം∙ ഒരൊറ്റ ദിവസം തിമിർത്ത് പെയ്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഇറങ്ങിപ്പോകാത്തതുകൊണ്ട് പലയിടത്തും കെഎസ്ആർടിസി സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.കോട്ടയം ജില്ലയിൽ മഴ കുറഞ്ഞെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ, പാല കൊട്ടാരമറ്റം, മൂന്നാനി എന്നിവിടങ്ങളിൽ വെള്ളം ഇതുവരെയും പൂർണമായിട്ടും ഇറങ്ങിയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ല. ഏറ്റുമാനൂർ, പാറോലിക്കൽ, കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ, ഇല്ലിക്കൽ, കുമരകം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ പലയിടത്തേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.കണ്ണൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ ശ്രീകണ്ഠാപുരത്ത് വെള്ളം കയറിയിരുന്നു. എന്നാൽ രാവിലെ മുതൽ മഴയ്ക്ക് കുറവുള്ളതുകൊണ്ട് ചെറിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാലും ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാത, ശ്രീക്ണ്ഠാപുരം–പയ്യാവൂർ റോഡ്, ചെങ്ങളായി തവറൂൽ കൊയ്യം റോഡ്, രാജഗിരി–ജോസ്ഗിരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
Fashion ⏭️


