NEWS
ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആക്കാനുള്ള ശ്രമം പരാജയപ്പെട്ടു; വി.എസ്.ശ്യാമയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം ∙ മുൻ മേയർ ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. കാട്ടായിക്കോണം സ്വദേശിയും മുൻ ട്രഷററുമായിരുന്ന വി.എസ്. ശ്യാമയെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി എൽ.എസ്.ലിജുവിനെയും ട്രഷററായി എസ്.എസ്.നിതിനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ഇരുവരും സംസ്ഥാന സമിതിയംഗങ്ങളാണ്.ആര്യാ രാജേന്ദ്രൻ നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു ഏതാണ്ട് പൂർണമായി പാർട്ടി മാറ്റി നിർത്തിയ ആര്യയെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാനാണ് ചില നേതാക്കൾ ശ്രമം നടത്തിയത്. എന്നാൽ ഒരു വിഭാഗം ഇതിൽ എതിർപ്പുന്നയിച്ചു. ഡൽഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം എംപിയും ഇതിനിടെ തിരുവനന്തപുരത്തെത്തിയിരുന്നു. തുടർന്ന് ഇന്നു രാവിലെ ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളുടെ യോഗം ചേർന്നു ശ്യാമ പ്രസിഡന്റും ലിജു സെക്രട്ടറിയുമായ പാനൽ തയാറാക്കി. തുടർന്നു മുതിർന്ന സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തി ഈ പേരുകൾ ഉറപ്പിക്കുകയായിരുന്നു.
Fashion ⏭️


