NEWS
കാറിന് തീ പിടിച്ച് യാത്രികൻ വെന്തു മരിച്ച സംഭവം: അപകട കാരണം മൂന്നാം ദിവസവും വ്യക്തമല്ല

വിഴിഞ്ഞം ∙ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് യാത്രികൻ വെന്തു മരിച്ചിട്ട് മൂന്നാം ദിവസമായിട്ടും അപകട കാരണം വ്യക്തമായില്ല. കത്തിയ വാഹനം മോട്ടർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹത ഇല്ലെന്നു പൊലീസ് പറയുന്നു എങ്കിലും വാഹനം കത്താൻ ഇടയായ കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ദൃക്സാക്ഷികളിൽ നിന്നു വിശദ മൊഴി ശേഖരിച്ചു.വയറിങ്ങും ബാറ്ററിയും അഗ്നിക്കിരയായതിനാൽ കത്താനുള്ള കാരണം അറിയാൻ കഴിയുന്നില്ല എന്നു വാഹനം പരിശോധിച്ച മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യക്തതക്ക് ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകണം. നെയ്യാറ്റിൻകര മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്.രാജ് കുമാർ, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നജ്മൽ, അരുൺ വിൽസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. 31ന് പുലർച്ചെ 5നു ശേഷം വെങ്ങാനൂർ ജംക്ഷന് സമീപം നടന്ന സംഭവത്തിൽ വ്യോമസേന റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യ(63)ൻ ആണ് മരിച്ചത്.
Fashion ⏭️


