NEWS

‘കേരളത്തിൽ മോഹൻലാലിനെക്കാൾ ആരാധകർ വിജയ്ക്കുണ്ട്, സിനിമ വരുമ്പോൾ സൂപ്പർ താരങ്ങളുടെ  ചിത്രങ്ങൾ വരെ  മാറ്റിവയ്ക്കും’

വിജയ്, മോഹൻലാൽ

തിരുവനന്തപുരം: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) കേരളം ഉൾപ്പെടെയുള്ള മറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടിവികെ സാന്നിദ്ധ്യം അറിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്.

‘കേരളത്തിലേക്ക് വരുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പേര് മാറ്റില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടിവികെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്നാട്ടിൽ രണ്ട് ദ്രാവിഡ കഴകം പാർട്ടികളും ശക്തമായി നിൽക്കുമ്പോൾ വിജയ് ഒറ്റക്ക് ജയിച്ചു. അപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ടിവികെ വരാൻ പോകുകയാണ്. ഇവിടെ വിജയ് സാറിന് ഫാൻ അസോസിയേഷനുകളുണ്ട്. മോഹൻലാലിനെക്കാൾ കൂടുതൽ ഫാൻസ് വിജയ്‌ക്കുണ്ട്. വിജയ്‌യുടെ പടം വരുമ്പോൾ മോഹൻലാലും മമ്മൂട്ടിയും അവരുടെ ചിത്രങ്ങൾ മാറ്റിവയ്ക്കാറുണ്ട്. ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന വിജയ് ഇന്നുമുതൽ അഭിനയം നിർത്തുകയാണെന്ന് പറഞ്ഞു. അങ്ങനെ പറയുന്ന ഏതെങ്കിലും അഭിനേതാവുണ്ടോ?’- ദേവൻ ചോദിച്ചു.

അടുത്തിടെയാണ് ദേവൻ ബിജെപിയിൽ നിന്ന് രാജിവച്ച് ടിവികെയിൽ എത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു രാജി.

English Summary

Actor Devan announced that actor Vijay’s party, Tamilaga Vetri Kazhagam (TVK), is expanding its operations beyond Tamil Nadu. TVK plans to establish a presence in Kerala, Andhra Pradesh, and Telangana. Devan, who recently resigned as BJP state vice president to join TVK, stated the party will retain its name and acronym in these new states.
RELATED TOPICS: VIJAY, MOHANLAL, TVK, VIJAY FANS KERALA, TAMILAGA VETTRI KAZHAGAM

Read News ⏭️

Back to top button