LIFESTYLE

ലിവിങ് ടുഗതർ ബന്ധം ഇഷ്ടപ്പെട്ടില്ല : യുവതി വീടൊഴിയണമെന്ന് ഉടമ; കാണിച്ചത് ക്രൂരതയെന്ന വിമർശനം


വീട് വാടകയ്‌ക്കെടുത്ത് കഴിഞ്ഞാൽ അവിടെ താമസിക്കുന്നവരുടെ ജീവിതംകൂടി നിയന്ത്രിക്കാനുള്ള അധികാരമുണ്ടെന്ന് ചിന്തിക്കുന്ന വീട്ടുടമകൾ ഏറെയുണ്ട്. ചിലർ വാടകക്കാരുടെ ജോലി സമയം അറിഞ്ഞതിനുശേഷം മാത്രമേ വീടുപോലും വിട്ടുകൊടുക്കൂ. മറ്റുചിലരാവട്ടെ അവിടെ എന്ത് പാചകം ചെയ്യണം ഏതൊക്കെ അതിഥികൾ വരണം എന്നുള്ള കാര്യങ്ങളിൽ പോലും നിയന്ത്രണങ്ങൾ വയ്ക്കും. അത്തരത്തിൽ തന്റെ ജീവിതശൈലി ഇഷ്ടപ്പെടാത്ത വീട്ടുടമ വാടക കാലാവധി കഴിയും മുമ്പ് വാടകവീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി.അപ്പാർട്മെന്റ് വാടകയ്ക്ക് എടുക്കും മുൻപ് തന്നെ പുരുഷസുഹൃത്തിനൊപ്പം ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു യുവതി. ഇക്കാര്യം ഇടനിലക്കാരനോടും പറഞ്ഞിരുന്നു. എന്നാൽ അപ്പാർട്മെന്റ് കണ്ടെത്തിയ സമയത്ത് ഇക്കാര്യം വെളിപ്പെടുത്തണ്ട എന്ന് ബ്രോക്കറാണ് ആവശ്യപ്പെട്ടത്. വാടക കരാർ എളുപ്പമാക്കുന്നതിന് വേണ്ടി ആ നിർദ്ദേശം അനുസരിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം തന്നെ അപ്പാർട്ട്മെന്റിൽ താമസമാക്കുകയായിരുന്നു. 11 മാസത്തേക്കാണ് കരാർ എഴുതിയത്. അഞ്ചുമാസക്കാലം ഇവർ അപ്പാർട്ട്മെന്റിൽ താമസിക്കുകയും ചെയ്തു.29,000 രൂപയാണ് പ്രതിമാസ വാടകയായി നിശ്ചയിച്ചിരുന്നത്. അത് കൃത്യമായി കൊടുത്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് യുവതിയുടെ പങ്കാളിയും വീട്ടിൽ താമസം ഉണ്ടെന്ന് ഉടമ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം അറിഞ്ഞു ഉടൻ വീടുവിട്ടു പോകണമെന്നായിരുന്നു ഉടമയുടെ ആവശ്യം. വാടകക്കാരി കള്ളം പറഞ്ഞതിനാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയ 55000 രൂപ മടക്കി നൽകാൻ സാധിക്കില്ലെന്നും ഉടമ പറഞ്ഞു. ജൂലൈ 31ന് വീട് ഒഴിഞ്ഞു കൊടുക്കേണ്ടതുണ്ട്. അതിനൊപ്പം അടുത്ത മാസത്തെ വാടക നൽകുകയും വേണം. ഉടമയുടെ തീരുമാനം അറിഞ്ഞതോടെ വാടകക്കാരി ബ്രോക്കറുമായും ബന്ധപ്പെട്ടു. വീട് കണ്ടെത്തിയതിന് നൽകിയ 12000 രൂപ ബ്രോക്കർ ഫീ തിരിച്ചു നൽകാൻ സാധിക്കില്ല എന്നായിരുന്നു ബ്രോക്കറിന്റെ മറുപടി. നൽകിയ തുക അപ്പാടെ നഷ്ടമായതിന് പുറമേ പുതിയ താമസസ്ഥലം കണ്ടെത്തുന്നതിന് ചെലവാകുന്ന പണവും കൂടി പരിഗണിക്കുമ്പോൾ വലിയ നഷ്ടമാണ് യുവതിക്ക് ഉണ്ടായിരിക്കുന്നത്. റെഡിറ്റിൽ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതോടെ അത് ഏറെ ശ്രദ്ധ നേടി. ഒരു കാരണവശാലും സ്വമേധയാ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ പണം വിട്ടു കൊടുക്കരുത് എന്നാണ് ഭൂരിഭാഗം ആളുകളും യുവതിയെ ഉപദേശിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് വീടിനോ വസ്തുവിനോ കേടുപാടുകളുണ്ടായാൽ പരിഹരിക്കാനും അല്ലെങ്കിൽ വാടക നൽകാത്തപക്ഷം അതിൽനിന്നും ഈടാക്കാനുമായി വാങ്ങുന്ന തുകയാണ്.ഉടമയുമായുള്ള വാക്ക് തർക്കത്തിന്റെ പേരിൽ അത് നഷ്ടപ്പെടുത്തേണ്ടതില്ല എന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. വീട് ഒഴിയുന്നതിനു മുൻപ് നിയമോപദേശം തേടണമെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു. അതേസമയം യുവതി തനിച്ചു മാത്രമേ താമസിക്കാൻ പാടുള്ളൂ എന്നത് വാടക കരാറിൽ കൃത്യമായി പറഞ്ഞിട്ടുണ്ടോ എന്നതാണ് ചിലരുടെ സംശയം. അങ്ങനെയൊരു വ്യവസ്ഥയുണ്ടെങ്കിൽ കരാർ ലംഘനമായി കണ്ട് ഉടമ നടപടി എടുക്കുന്നതിൽ തെറ്റില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


Cinema ⏭️

Back to top button