NEWS

‘എ ഹോം ഒഫ് യുവർ ഓൺ’ പദ്ധതി മുഖ്യമന്ത്രി നാളെ സമർപ്പിക്കും

പാലക്കാട്: ഭവനരഹിതരായ 50 കുടുംബങ്ങൾക്ക് ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് (സി.എം.എൻ ട്രസ്റ്റ്) നിർമ്മിച്ചുനൽകുന്ന വീടുകളുടെ സമർപ്പണവും പുതിയ ഭവന പദ്ധതികൾക്കായുള്ള ധാരണാപത്ര വിതരണവും നാളെ രാവിലെ 10ന് ഒറ്റപ്പാലം കെ.എം ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പമ്പാവാസൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2024 ആഗസ്റ്റിൽ പുതിയ ഭവനത്തിലേക്ക് താമസം മാറിയപ്പോൾ ആ സന്തോഷം തന്നിൽ മാത്രമൊതുങ്ങാതെ ഭവനരഹിതരായ കുടുംബങ്ങൾക്കും അനുഭവവേദ്യമാകണമെന്ന പമ്പാവാസൻ നായരുടെ ആഗ്രഹമാണ് ‘എ ഹോം ഒഫ് യുവർ ഓൺ” പദ്ധതി തുടങ്ങാൻ വഴിതെളിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ 50 വീടുകൾ അർഹരായവർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ 2024 ആഗസ്റ്റ് 25നാണ് പദ്ധതിക്ക് തുടക്കമിട്ടത്. 20 മാസത്തിനുള്ളിൽ 48 വീടുകൾ നൽകി.

പാലക്കാട് ജില്ലയിൽ 30 വീടുകൾ നൽകി. തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലും വീടുകൾ നൽകിയിട്ടുണ്ട്. 500 ചതുരശ്ര അടി വിസ്തൃതിയിൽ, ഗുണഭോക്താവിന്റെ സ്ഥലത്തിന് അനുയോജ്യമായ വീടുകളാണ് നിർമ്മിക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് വീടും സ്ഥലവും ഒരുമിച്ച് നൽകുന്ന ‘അനുഗ്രഹ ഹോംസ്” പദ്ധതിയാണ് ട്രസ്റ്റ് ഈവർഷം പുതുതായി നടപ്പാക്കുന്നത്.

മന്ത്രിമാരായ എൻ.ഷംസുദ്ദീൻ, കെ.എ.തുളസി, വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ എം.വിൻസെന്റ്, പി.മമ്മിക്കുട്ടി, അഡ്വ. കെ.പ്രേംകുമാർ, വി.ടി.ബൽറാം, മുൻമന്ത്രി എം.ബി.രാജേഷ്, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.

Read News ⏭️

Back to top button