വടകര ലഹരിക്കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

വടകര: ലഹരിക്കേസിൽ അറസ്റ്റിലായ മൂന്ന് അദ്ധ്യാപികമാരുൾപ്പെടെ അഞ്ചുപേരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടും. അറസ്റ്റിലായ ബി.ആർ.സിയിലെ മുൻ അദ്ധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, വടകര ആവിക്കൽ സ്വദേശി സഫ്‌വാൻ, ഡെലിവറി ബോയ് കണ്ണൂർ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. പണമിടപാട് നടത്താൻ അക്കൗണ്ട് നൽകിയവരും സൗകര്യങ്ങൾ ഒരുക്കിയവരും പിടിയിലാകുമെന്ന് ഡി.ഐ.ജി കെ. കാർത്തിക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെയാണ് ഒരു കോടിയുടെ ഇടപാട് നടന്നത്. അറസ്റ്റിലായവരുടെ ആറ് മാസത്തെ അക്കൗണ്ട് ഇടപാടുകളാണ് പരിശോധിച്ചത്. 1000 രൂപ മുതൽ കോടികൾ വരെയുള്ള ഇടപാടുകളാണ് നടന്നത്. കീർത്തനയുടെയും കാവ്യയുടെയും നീഷ്മയുടെയും അക്കൗണ്ടുകളിലായി ആറു മാസത്തിനിടെ 10 ലക്ഷത്തിലധികം രൂപയാണെത്തിയത്.
ചോദ്യം ചെയ്യലിൽ മൊത്തവിതരണക്കാരുടെ വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിട്ടില്ല. ലഹരി വ്യാപാര ശൃംഖലയിലെ ഇടനിലക്കാരാണ് ഇവർ. എല്ലാം നിഷ്‌മയ്ക്ക് അറിയാമെന്നാണ് കീർത്തനയുടെ മൊഴി. അറസ്റ്റിലായ അദ്ധ്യാപികമാർ ലഹരി പാർട്ടികൾ നടത്തിയെന്നും പ്രത്യേക സംഘം (എസ്.ഐ.ടി) കണ്ടെത്തി. കീർത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബന്ധങ്ങളെ കുറിച്ചും വിശദമായി അന്വേഷിക്കും.
ലഹരിക്കടത്തിനൊപ്പം ഇവർ എം.ഡി.എം.എ വിറ്റെന്നും കണ്ടെത്തി. പ്രതികളുടെ വിദേശയാത്രകൾ, ആഡംബര ജീവിതം, ഫോൺ വിളികൾ, വിദേശ നമ്പരുകളിൽ വിളിച്ചുള്ള ലഹരിയിടപാട് തുടങ്ങിയവയും പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കും. ജൂൺ 28ന് 2.1 ഗ്രാം എം.ഡി.എം.എയുമായി സഫ്‌വാൻ പിടിയിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
മാഫിയകളിലേക്കെത്തിയത് ഇൻസ്റ്റഗ്രാമിലൂടെ
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധപ്പെട്ടത്. മംഗളൂരുവിലുള്ള സുഹൃത്ത് വഴിയാണ് ലഹരി കച്ചവടത്തിലെത്തിയത്. തുടക്കത്തിൽ രണ്ടുപേർക്ക് ഇവർ വഴി എം.ഡി.എം.എ ലഭിച്ചു. പിന്നീട് വില്പനയിലെ കണ്ണികളായി. വൻ മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വാർത്താസമ്മേളനത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ്, ഡിവെെ.എസ്.പി കെ. സനൽകുമാർ, ഡിവെെ.എസ്.പി (നാർക്കോട്ടിക്) ടി. ഉത്തംദാസ്, ഇൻസ്‌പെക്ടർ എ.വി. ദിനേശ് എന്നിവരും പങ്കെടുത്തു.


