NEWS

വഴിയടച്ച് അഫ്ഗാനിസ്ഥാൻ; പാക്കിസ്ഥാനിലേക്ക് എത്താൻ പുതിയ വഴി കണ്ടെത്തി ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും


പാക്കിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന്  അതിർത്തിയടച്ച അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ തീരുമാനത്തിൽ വെട്ടിലായി മധ്യ ഏഷ്യൻ രാജ്യങ്ങൾ. നാലുചുറ്റും കരയതിർത്തി മാത്രമുള്ള ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാക്ക്-അഫ്ഗാൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായത്. എന്നാൽ, പാക്കിസ്ഥാനി തുറമുഖത്തേക്ക് എത്താൻ ഇപ്പോൾ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും.അഫ്ഗാനിസ്ഥാനെ പൂർണമായും ഒഴിവാക്കി ചൈനീസ് റെയിൽപ്പാത വഴി പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനവഴി ചരക്കെത്തിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കൽ നടപടികളിലേക്ക് പാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും ഉടൻ കടക്കും. അഫ്ഗാൻ അതിർത്തിയടഞ്ഞത് പാക്കിസ്ഥാന്റെ മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബാധിച്ചു. അഫ്ഗാനും വിദേശ വ്യാപാര ഇടപാടുകൾക്ക് പാക്കിസ്ഥാനി തുറമുഖങ്ങളെയാണ് നേരത്തേ ആശ്രയിച്ചിരുന്നത്. ഇപ്പോൾ പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമമാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടവും നടത്തുന്നത്.


Fashion ⏭️

Back to top button