NEWS

‘അണ്ടർ ദി മാംഗോസ്റ്റീൻ ട്രീ’; ബഷീറിന്റെ കൃതികൾ നാടകമായി കോട്ടയത്തേക്ക്


കോട്ടയം ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 2008-ൽ മൂന്ന് ആഴ്ച നീണ്ടുനിന്ന നാടകമേളയിൽ രൂപം കൊണ്ട നാടകം ‘അണ്ടർ ദി മാംഗോസ്റ്റീൻ ട്രീ’ ആദ്യമായി കോട്ടയത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 100 ഓളം വേദികളിൽ അവതരിപ്പിച്ച നാടകം ഒരു ദശാബ്ദത്തിന്റെ ഇടവേളയിലാണ് വീണ്ടും അരങ്ങിലെത്തുന്നത്. രാജീവ് കൃഷ്ണൻ സംവിധാനം ചെയ്ത നാടകം ചെന്നൈ ആസ്ഥാനമായുള്ള നാടക കൂട്ടായ്മ ‘പെർച്ച്’ അണ് അവതരിപ്പിക്കുന്നത്.ബഷീറിന്റെ നിരവധി കൃതികളിൽനിന്നും എടുത്തിട്ടുള്ള കഥാപാത്രങ്ങൾ നാടകത്തിൽ ഒരുമിച്ച് അണിനിരക്കും. നേരിട്ട് കാണാത്ത സ്ത്രീയെ പ്രണയിക്കുന്ന ‘മതിലുകൾ’, ബന്ധങ്ങളിൽ നർമം കണ്ടെത്തുന്ന ‘പൂവൻ പഴം’, യുദ്ധത്തിന്റെ ക്രൂരത വരച്ചുകാട്ടുന്ന‘ശബ്ദങ്ങൾ’, ആക്ഷേപഹാസ്യങ്ങളിലൊന്നായ ‘വിശ്വവിഖ്യാതമായ മൂക്ക്’, പ്രണയവും നിഗൂഢതയും ഒരുമിച്ച് ആകാംക്ഷ നിറയ്ക്കുന്ന ‘നീല വെളിച്ചം’ തുടങ്ങിയ കൃതികൾ ഈ നാടകത്തിന്റെ ഭാഗമാവുന്നുണ്ട്.നിരവധി വർഷങ്ങളായി അരങ്ങിൽ അവതരിപ്പിച്ച ‘അണ്ടർ ദി മാംഗോസ്റ്റീൻ ട്രീ’ എന്ന നാടകം 2016 ലാണ് അവസാനമായി രംഗത്തെത്തിയത്. നാടകത്തിൽ പ്രവർത്തിക്കുന്ന അപർണ ഗോപിനാഥ് ആദ്യം മുതൽക്കേ  ഒപ്പമുണ്ട്. ‘അണ്ടർ ദി മാംഗോസ്റ്റീൻ ട്രീ’ യിൽ ‘പൂവൻ പഴം’ എന്ന ബഷീറിന്റെ ചെറുകഥയിലെ ജമീലയായി അഭിനയിച്ച അപർണ നിരവധി കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. “ജമീല എന്ന കഥാപാത്രമായിട്ടാണ് ഞാൻ തുടങ്ങിയത്, ഈ 18 വർഷത്തിനിടയിൽ ഞാൻ നിരവധി കഥാപാത്രങ്ങളിലൂടെ കടന്നുപോയി” അപർണ പറഞ്ഞു. എന്നാൽ ശ്രദ്ധേയമായ പ്രതികരണങ്ങൾ തങ്ങൾക്ക് കേരളത്തിന് പുറത്തുനിന്നാണ് ലഭിച്ചതെന്ന് നാടകത്തിനൊപ്പം പ്രവർത്തിക്കുന്ന അഭിനേതാവ് വിനോദ് പറയുന്നു. 18 വർഷം 100-ലധികം തവണ അരങ്ങിലെത്തിയ ‘അണ്ടർ ദി മാംഗോസ്റ്റീൻ ട്രീ’ സെപ്റ്റംബർ 11 ന് കോട്ടയത്തെ മാമ്മൻ മാപ്പിള ഹാളിൽ അരങ്ങേറും.


Fashion ⏭️

Back to top button