NEWS

ആദ്യം ഒഴിപ്പിച്ച് കയ്യടി വാങ്ങി, പിന്നീട് അനക്കമില്ല; പൊലീസിനെ നോക്കുകുത്തിയാക്കി ബെനാമി തട്ടുകടകൾ സജീവം


തിരുവനന്തപുരം ∙ പരുത്തിപ്പാറ– കേശവദാസപുരം റോഡിലും യൂണിവേഴ്സിറ്റി കോളജിന് മുന്നിലും അനധികൃതമായി പ്രവർത്തിച്ച തട്ടുകടകൾ ഒഴിപ്പിച്ച് പൊലീസ് കയ്യടി വാങ്ങിയെങ്കിലും മറ്റിടങ്ങളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കാതെ പൊലീസ്. വഴുതക്കാട്– കോട്ടൺഹിൽ ഭാഗത്ത് നടപ്പാതയും റോഡിന്റെ കാൽഭാഗത്തോളം കയ്യേറിയും ഇന്നലെയും ബെനാമി തട്ടുകടകൾ പ്രവർത്തിച്ചു. രാത്രി ഏഴര മുതൽ പത്തു വരെ വാഹനങ്ങൾ കുരുക്കിൽപ്പെടുകയും ചെയ്തു. കവടിയാർ– കുറവൻകോണം റോഡിലും സ്ഥിതി സമാനം.റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്നാണ് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് സന്നദ്ധമായത്. കോർപറേഷൻ ഇവിടെയും നോക്കുകുത്തിയായി. കേശവദാസപുരം– പരുത്തിപ്പാറ റോഡിൽ നിന്ന് 17 കടകളും യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രവർത്തിച്ചിരുന്ന 9 കടകളും ഒഴിപ്പിച്ചു. പാളയത്ത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു കട മാത്രമാണ് പ്രവർത്തിക്കുന്നത്. അപ്പോഴും ഒഴിപ്പിക്കൽ നടപടികളിൽ നിന്ന് വഴുതക്കാട്– കോട്ടൺഹിൽ റോഡിലെ കടകൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തതിലാണ് ദുരൂഹത. മുൻപ് ഒഴിപ്പിച്ചതിന്റെ അടുത്ത ദിവസം നിയമ സംവിധാനങ്ങളേയും പൊലീസിനേയും നോക്കുകുത്തിയാക്കി കടകൾ ആദ്യം തുറന്നതും ഇവിടെയാണ്.അതേസമയം, തട്ടുകടകൾക്ക് പ്രത്യേക വൈൻഡിങ് സോൺ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവും കോർപറേഷൻ നടപ്പാക്കിയിട്ടില്ല. ഗതാഗത കുരുക്കും പാർക്കിങ് പ്രശ്നവും പരിഗണിച്ചാണ് പ്രത്യേക മേഖല തട്ടുകടകൾക്ക് അനുവദിക്കണമെന്ന് കോടതി നിർദേശിച്ചത്.


Fashion ⏭️

Back to top button