NEWS
12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; സംഘർഷാവസ്ഥ, 3 പ്രതികൾ ഒളിവിൽ

കൊൽക്കത്ത ∙ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നാട്ടുകാരുടെ മർദ്ദനമേറ്റു മരിച്ചു. പ്രതിയെ ഇരയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപകമായ പ്രതിഷേധവും കനത്ത സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.ബാരുപൂരിലെ സൂര്യപുർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരിയുടെ ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘം കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം ആരോപിച്ചു. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സഹായം അഭ്യർഥിച്ചിട്ടും പൊലീസ് കൃത്യമായി പ്രതികരിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.
Source link


