വിലക്കുറവിൽ ഹിറ്റായി സർക്കാർ വിപണി

തിരുവനന്തപുരം: പൊതുവിപണിയിൽ വിവിധയിനം അരിക്ക് വില കിലോയ്ക്ക് 60 രൂപയിൽ കൂടുതൽ. സപ്ലോകോയിലും ഓണച്ചന്തകളിലും 33 രൂപ. റേഷൻ കടകളിലെ അധിക അരിക്ക് 26 രൂപ. പകുതിയോളം വിലക്കുറവ്. ആവശ്യത്തിന് ലഭ്യം. ഓണത്തിന് പൊതുവിപണിയിലെ പൊള്ളും വിലയിൽ നിന്ന് ജനത്തിന് ആശ്വാസം. റേഷൻ കടകളിലും സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും അരിയടക്കം ന്യായവിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിരക്കോട് തിരക്ക്.
ഓണം പ്രമാണിച്ച് സപ്ളൈകോയിലും പൊതുവിതരണ കേന്ദ്രങ്ങളിലുമായി അധികമായി എത്തിച്ചത് 1,65,932 ടൺ അരി. മറ്റ് സബ്സിഡി സാധനങ്ങളും ആവശ്യത്തിന് എത്തിച്ചിട്ടുണ്ട്. പൊതുവിപണിയിൽ അരി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നുവെന്ന് കാട്ടി കേരളകൗമുദി കഴിഞ്ഞ 13ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമായത്.
ആന്ധ്രയിലെ മില്ലുടമകളും ഇടനിലക്കാരും ഒത്തുകളിച്ച് കേരളത്തിൽ അരിവില വർദ്ധിപ്പിക്കുന്നുവെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലുണ്ടായി. ഇതിനൊപ്പം പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് കേരളത്തിലെ അരി മില്ലുകളിലും മൊത്ത വിപണന കേന്ദ്രങ്ങളിലും പരിശോധനയും തുടങ്ങി. ഇത് പൂഴ്ത്തിവയ്പ്പിനെയും കൃത്രിമ വിലക്കയറ്റത്തെയും തടഞ്ഞുനിറുത്തി.
റേഷൻ കടകളിൽ അധിക വിഹിതം
1. നിലവിലെ വിഹിതത്തിന് പുറമേയാണ് റേഷൻ കടകളിൽ കിലോയ്ക്ക് 26 രൂപയ്ക്ക് അധികമായി അരി ലഭ്യമാക്കുന്നത്.
2. ഓണത്തിന് റേഷൻകടകളിൽ അധികമായി എത്തിച്ചത് 13,841.37 ടൺ അരി. ഇതിൽ 3,929.77ടൺ അരി വിറ്റുപോയി. സപ്ലൈകോയിൽ ഇതുവരെ വിറ്റത് 578 ടൺ അരി
സപ്ളൈകോയിലെ സബ്സിഡി ഇനം, വില (കിലോഗ്രാമിൽ)
ചെറുപയർ………………………85
ഉഴുന്ന്…………………………….. 87
കടല…………………………………63
വൻപയർ…………………………68
തുവരപ്പരിപ്പ്…………………….83
വറ്റൽമുളക്…………………….130
ജയ അരി…………………………33
കുറുവ അരി……………………33
മട്ടഅരി……………………………33
പച്ചരി……………………………..29
വെളിച്ചെണ്ണ (ലിറ്റർ)………..229
മല്ലി (500 ഗ്രാം)………………..45


