NEWS

‘ഹെൽമറ്റ് ജീവൻ രക്ഷിച്ചു, പക്ഷെ നട്ടെല്ല് തകർന്നു’; റാപ്പിഡോ ചതിച്ച കോഴിക്കോട് സ്വദേശിനിയുടെ കണ്ണീരനുഭവം


കോഴിക്കോട് ∙ ‘ആദ്യ ദിവസങ്ങളിൽ ഒന്നു കണ്ണടയ്ക്കാൻ പോലും ഭയമായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ മുഴുവൻ നിറഞ്ഞത് ആ അപകടമാണ്. ശരീരത്തിൽ ട്രാക്ടർ കയറിയിറങ്ങുന്നത് പലതവണ കണ്ടു. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെന്നു മാത്രമല്ല അപകടത്തെക്കുറിച്ച് അയച്ച സന്ദേശങ്ങൾക്കു പോലും അന്നു സഞ്ചരിച്ച ഓൺലൈൻ ബൈക്ക് ടാക്സി കമ്പനി വേണ്ട മറുപടി നൽകിയില്ല. നാളെ എന്താകും എന്നത് എനിക്ക് ഇനിയും അറിയില്ല.’ – ജൂൺ 17 ന് ഓൺലൈൻ ബൈക്ക് ടാക്സി സർവീസായ റാപ്പിഡോയിൽ സഞ്ചരിക്കുമ്പോൾ ബെംഗളൂരുവിൽ അപകടത്തിൽ ശരീരമാസകലം പരുക്കേറ്റ് ശസ്ത്രക്രിയകൾക്കു ശേഷവും കൊടും വേദനയുടെ രണ്ടു മാസം പിന്നിടുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശി സാനികൃഷ്ണ (32) ഇതു പറയുമ്പോൾ മുഴങ്ങി കേൾക്കുന്നത് രാജ്യമെങ്ങും വേരു പിടിക്കുന്ന ഒരു ഓൺലൈൻ ബൈക്ക് ടാക്സി സർവീസിന്റെ അനാസ്ഥ കൂടിയാണ്.ഓൺലൈൻ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുന്നവർ അറിയാതെ സ്വന്തം സുരക്ഷ പോലും ദുരന്തത്തിൽ ആക്കുന്ന ചതിക്കുഴികൾ അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്ന യാഥാർഥ്യത്തിനു കൂടി ഈ സംഭവം അടിവരയിടുന്നു. ഒരു തരത്തിലുമുള്ള സുരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ കൃത്യമായി ഉറപ്പാക്കാതെയാണ് ഈ ഓൺലൈൻ ബൈക്ക് ടാക്സി സർവീസ് നിരത്തുകളിൽ ഓടുന്നതെന്ന സത്യം കൂടിയാണ് ഈ അപകടം വെളിപ്പെടുത്തുന്നത്. ഓൺലൈൻ ബൈക്ക് ടാക്സി സർവീസിൽ നിന്നുണ്ടായ അനാസ്ഥയ്ക്കും ദുരിതങ്ങൾക്കും നഷ്ടപരിഹാരം തേടി ഒരാഴ്ചയ്ക്കുളളിൽ അഭിഭാഷകൻ വഴി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സാനികൃഷ്ണ. തനിക്കുണ്ടായ അപകടത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മതിയായ സഹായം ഉറപ്പാക്കുമെന്ന് ആണയിടുന്ന റാപ്പിഡോ അധികൃതരുടേത് പൊള്ളയായ വാക്കാണെന്നും സാനികൃഷ്ണ പറഞ്ഞു.താമസിക്കുന്ന വില്ലയിൽ നിന്ന് വണ്ടി എടുക്കുന്നതിന് മുൻപ് തന്നെ ‘ഭയ്യാ, തനിക്ക് അത്യാവശ്യങ്ങൾ ഒന്നുമില്ല, പത്തു മണിക്ക് ഓഫിസിൽ കയറിയാൽ മതിയെന്നും പതുക്കെ പോയാൽ മതിയാകുമെന്നും പറഞ്ഞിരുന്നു.’’ എന്നാൽ താമസസ്ഥലത്തിന് ഒരു 800 മീറ്റർ അകലെ ഒരു ട്രാക്ടറിനെ അതിവേഗം ബൈക്ക് റൈഡർ മറികടന്നു പോയപ്പോൾ ബൈക്ക് തെന്നിമറിഞ്ഞു. ട്രാക്ടറിന് അടിയിൽപെട്ട എന്റെ മുകളിലൂടെ ട്രാക്ടറിന്റെ വലതു വശത്തെ ടയർ കയറിയിറങ്ങി. ബൈക്ക് ഓടിച്ചയാളെ പിന്നീട് കണ്ടില്ല. വേദനയിൽ പുളഞ്ഞു കിടന്ന തന്നെ ഓടിക്കൂടിയ ചിലർ ഒരു ഓട്ടോയിലാണ് വാരിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.


Fashion ⏭️

Back to top button