വിഴിഞ്ഞം വികസനം: ഭൂമി അതിവേഗം

തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും. വിഴിഞ്ഞത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘മിഷൻ സമുദ്ര” പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യ 2എക്സിം കണ്ടെയ്നറുകളും ഫ്ലാഗ്ഓഫ് ചെയ്തു. ‘മിഷൻ സമുദ്രയുടെ ഭാഗമായി കൊച്ചിയിൽ ക്രൂസ് ടെർമിനൽ ആരംഭിക്കും. കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകളുണ്ടാവും. കാസർകോട് തിരുവനന്തപുരം സർവീസും തുടങ്ങും. കൊച്ചിൻ പോർട്ടിൽ ക്രൂയിസ് ടെർമിനലിന് സ്ഥലം നൽകും.
വിഴിഞ്ഞത്തും സമീപത്തുമായി പരമാവധി ഭൂമിയേറ്റെടുക്കാൻ കിൻഫ്രയോടും ഇൻകെലിനോടും നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലടക്കമുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കും കണ്ടെയ്നർ യാർഡുകൾക്കും ഭൂമിയേറ്രെടുത്തില്ലെങ്കിൽ നിക്ഷേപകരെ തമിഴ്നാട് റാഞ്ചുമെന്ന് ‘കേരളകൗമുദി” റിപ്പോർട്ട് ചെയ്തിരുന്നു.
തുറമുഖ കമ്പനി 200 ഏക്കർ ഏറ്റെടുക്കും
ലോജിസ്റ്റിക് പാർക്കുകൾ, വെയർഹൗസിംഗ് സ്പേസുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, ഫ്രീ ഇൻഡസ്ട്രിയൽ സോണുകൾ, ഫിഷ്പ്രോസസിംഗ് സോണുകൾ എന്നിവയ്ക്കായാണ് ഭൂമിയേറ്റെടുക്കുക. തുറമുഖത്തിന്റെ 10കിലോമീറ്റർ ചുറ്റളവിൽ 200ഏക്കർ ഭൂമിയേറ്റെടുക്കാൻ തുറമുഖ കമ്പനിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 1000 കോടിയാണ് ചെലവ്. 2000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച വെയർഹൗസിംഗ്, കണ്ടെയ്നർ, ഇന്ത്യൻ ഓയിൽ കോർപറേഷനുകൾക്കാണ് ആദ്യ ഘട്ടത്തിൽ ഭൂമി നൽകേണ്ടത്. ഫ്രൈറ്റ് സ്റ്റേഷനായി കെ.എസ്.ഐ.ഇയ്ക്കും ഭൂമി നൽകും.
വെയർഹൗസ്-ലോജിസ്റ്റിക്സ് കോംപ്ലക്സിനായി വെയർഹൗസിംഗ് കോർപ്പറേഷൻ റെയിൽപ്പാതയോട് ചേർന്ന് 50 ഏക്കറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് കേന്ദ്രത്തിന് ഐ.ഒ.സിക്ക് 20 ഏക്കർ വേണം. കണ്ടെയ്നർ കോർപ്പറേഷൻ ലോജിസ്റ്റിക്സ് പാർക്കും കണ്ടെയ്നർ സ്റ്റേഷനുമൊരുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വരുമാനത്തിന്റെ നിശ്ചിത ശതമാനം സംസ്ഥാന സർക്കാരിന് നൽകും.
ഭൂമിക്കായി നൂറിലേറെ സംരംഭകർ
നൂറിലേറെ സ്വകാര്യ സംരംഭകർ ഭൂമിക്കായി തുറമുഖ കമ്പനിയെ സമീപിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കായി പത്തേക്കർ ഭൂമി വേണം.
തോട്ടങ്ങളും പാട്ടഭൂമിയും തരിശു കിടക്കുന്ന സ്വകാര്യ ഭൂമിയുമടക്കം ഏറ്റെടുക്കാനാവും. തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമ ഭേദഗതി വേണം.
’10 വർഷം നമ്മൾ നഷ്ടമാക്കി. റോഡ്-റെയിൽ കണക്ടിവിറ്റിയുണ്ടെങ്കിൽ ഇന്നു കിട്ടുന്ന ഗുണത്തിന്റെ നൂറിരട്ടിയാവുമായിരുന്നു. ഔട്ടർറിംഗ് റോഡിന് 3200 കോടിക്ക് ഭൂമിയേറ്റെടുക്കും. നേരത്തേയായിരുന്നെങ്കിൽ 1600 കോടിയിൽ തീർന്നേനെ”.
– വി.ഡി. സതീശൻ,
മുഖ്യമന്ത്രി


