NEWS
പഴകിയ ബീഫ്, ചിക്കൻ കറി, മീൻകറി, നെയ്ച്ചോറ്..; ആളുകൾ എത്തുമ്പോൾ ചൂടാക്കി നൽകാൻ ഫ്രീസറിൽ സൂക്ഷിച്ചു; പിടിച്ചെടുത്ത് നശിപ്പിച്ചു

ആലുവ ∙ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഉപയോഗശൂന്യമായ ബീഫ്, ചിക്കൻ കറി, മീൻകറി, നെയ്ച്ചോറ്, ഫ്രൈഡ് ചിക്കൻ എന്നിവയാണ് പിടികൂടിയത്. ആളുകൾ എത്തുമ്പോൾ ചൂടാക്കി നൽകാൻ ഇവ ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നു നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലുകളിലായിരുന്നു പരിശോധന. ആലുവയിൽ വന്നുപോകുന്ന യാത്രക്കാരാണ് ഇവിടെ കയറുന്നവരിലേറെയും. അതിനാൽ അസുഖം ബാധിച്ചാലും പരാതിയുമായി എത്തുന്നവർ കുറവാണ്.പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ ജനങ്ങൾക്കു കാണാൻ നഗരസഭാങ്കണത്തിൽ പ്രദർശിപ്പിച്ച ശേഷം നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, എ.വി. സിന്ധു എന്നിവരാണ് ഹോട്ടലുകളിൽ പരിശോധന നടത്തിയത്. രണ്ടാഴ്ച മുൻപു നഗരത്തിൽ പറവൂർ കവല ഭാഗത്തെ 3 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു. ഇതേസമയം, ഹോട്ടലുകളിൽ നഗരസഭാധികൃതർ നടത്തുന്ന പരിശോധന പ്രഹസനമാണെന്നു സംശയിക്കുന്നതായി പൗരാവകാശ പ്രവർത്തകർ ആരോപിച്ചു. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകൾ താൽക്കാലികമായെങ്കിലും അടച്ചു പൂട്ടിക്കാതെ നാമമാത്രമായ പിഴ ഈടാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ സമ്മർദവും ഉദ്യോഗസ്ഥരുടെ താൽപര്യങ്ങളും ഉണ്ടെന്നാണ് ആരോപണം.
Fashion ⏭️


