NEWS
‘ഉണ്ടായത് കടുത്ത തോൽവി; തിരുത്തി മുന്നോട്ടുപോകും: പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ബോധപൂർവമായ ശ്രമം’

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം നൽകിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പ്രസ്ഥാനത്തിന് ചില തിരിച്ചടികൾ ഉണ്ടായി. തോൽവി ന്യായീകരിക്കാനില്ല. തിരുത്തൽ വരുത്തി മുന്നോട്ടു പോകും. സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത തോൽവിയാണ് ഉണ്ടായത്. വസ്തുതകൾ മറച്ചുവച്ചിട്ട് കാര്യമില്ല. സിപിഎമ്മിനും ഇടതു പാർട്ടികൾക്കും വീഴ്ച സംഭവിച്ചു. ആർഎസ്എസ്–സിപിഎം ഡീൽ ആരോപണം തിരിച്ചടിച്ചു. വലിയ വികസനം ഉണ്ടായിട്ടും എന്തുകൊണ്ട് തോൽവിയുണ്ടായി എന്നു പരിശോധിച്ചു. പാർട്ടിക്കെതിരെ ശക്തമായ കള്ളപ്രചാരണമാണ് ഉണ്ടായത്. വ്യാജ പ്രതീതി സൃഷ്ടിച്ചതിലൂടെ തീവ്രവലതുപക്ഷ വർഗീയ സാമുദായിക ശക്തികൾ ഒരുമിച്ചതാണ് തോൽവിക്ക് കാരണമായത്. സിപിഎമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായി. അതെല്ലാം തിരുത്തും. കേരളത്തിൽ മാത്രമല്ല ബംഗാളിലും വിശാല സംസ്ഥാന സമിതി ചേർന്നിട്ടുണ്ട്. പാർട്ടിക്ക് കരുത്തു പകരുന്ന തീരുമാനങ്ങളാണ് വിശാല സംസ്ഥാന സമിതിയിൽ ഉണ്ടായത്. ഇടതുപക്ഷത്തിനെതിരെ ഇ.ഡി കള്ളക്കഥ മെനയുകയാണ്. പിണറായി വിജയനും റിയാസും ഉൾപ്പെടെ ഉള്ളവർക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കും. നിന്ദിതരും പീഡിതരും ചൂഷിതരും അടിച്ചമർത്തപ്പെടുന്നവരുമായ ജനതയ്ക്ക് അഭയമായ ചെങ്കൊടി പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിക്കാം എന്ന പ്രതികരണം ജനങ്ങളിൽ നിന്ന് ഉയർന്നുവരികയാണ്. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കരുത്തോടെ സിപിഎം വിജയപാതയിൽ മടങ്ങിയെത്തുമെന്നും ബേബി വിശദീകരിച്ചു.പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. റെയ്ഡിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തിയാണ് പലതും എഴുതി വാങ്ങുന്നത്. കേരളത്തിലെ മാധ്യമങ്ങളിൽ നല്ലൊരു വിഭാഗം ഇഡിയുമായി ചേർന്ന് ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പുറത്തുവരുന്നു എന്ന തരത്തിൽ കള്ള പ്രചാരവേല നടത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പാർട്ടിയെ പ്രതിക്കൂട്ടിൽ കയറ്റി പാർട്ടിയുടെയും പാർട്ടി നേതാക്കന്മാരെയും അതിശക്തമായി കടന്നാക്രമിക്കുന്ന ഈ നിലപാടിനെതിരെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ അതിന്റെ രാഷ്ട്രീയമായ ഉള്ളടക്കം, പ്രത്യശാസ്ത്രപരമായിട്ടുള്ള കഴിവ്, സംഘടനാപരമായ ശേഷി എന്നിവയെല്ലാം ശക്തിപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ഭാവി നിർണയിക്കാൻ കഴിയുന്ന രീതിയിലുള്ള വലിയ പോരാട്ടങ്ങളുമായി ജനകീയ ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടു പോകും.
Fashion ⏭️


