പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം കേരളത്തിലെ ശിക്ഷാ നിരക്ക് 13.5% മാത്രം

കൊച്ചി: പട്ടിജാതി / വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകളിൽ കേരളത്തിലെ ശിക്ഷാ നിരക്ക് 13.5 ശതമാനം മാത്രം. കേസുകൾ തീർപ്പാക്കുന്നതിലും കേരളത്തിൽ മെല്ലെപ്പോക്കാണ്. 2023ലെ കണക്കാണ് പുറത്തുവന്നത്. പ്രത്യേക കോടതികളുടെ കുറവാണ് കേസ് തീർപ്പാക്കലിന് തടസമാകുന്നത്.
2023ൽ കേരളത്തിൽ 957 കേസുകളിൽ കുറ്റപത്രം നൽകി. മുൻവർഷങ്ങളിലെ കേസുകളടക്കം വിചാരണ പൂർത്തിയാക്കിയത് 816 എണ്ണം മാത്രം. ഉത്തർപ്രദേശിൽ 13,560 കേസുകളിൽ കുറ്രപത്രം നൽകി. 4,557 എണ്ണം തീർപ്പാക്കി. 65.6 ശതമാനം കേസുകളിലും പ്രതികൾക്ക് ശിക്ഷ ലഭിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.
യു.പിയിൽ മിക്ക കേസുകളിലും രണ്ടുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും. അട്രോസിറ്റീസ് ആക്ട് പ്രകാരം 2023ൽ യു.പിയിൽ രജിസ്റ്റർ ചെയ്ത 2,536 കേസുകളിൽ 1,801 എണ്ണത്തിലും 60 ദിവസത്തിനകം കുറ്റപത്രം നൽകി. കേരളത്തിൽ 31 കേസുകളിൽ രണ്ടു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചത് മൂന്നെണ്ണത്തിൽ മാത്രം.
പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ കേന്ദ്രം സാമ്പത്തിക സഹായം നൽകും. ശമ്പളം, ഓഫീസ് ചെലവ് എന്നിവയ്ക്കായി ഇതുപയോഗിക്കാം. ഭൂമി ഏറ്റെടുക്കൽ, കെട്ടിട നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കില്ല. നിയമത്തിലെ 15 എ വകുപ്പ് പ്രകാരം ഇരകളുടെ നഷ്ടപരിഹാരവും പുനരധിവാസവും സംസ്ഥാനമാണ് ഉറപ്പാക്കേണ്ടത്.
കോടതിയില്ല, കേസ് തീർപ്പാകുന്നില്ല
2023-2024 വർഷങ്ങളിൽ യു.പിയിൽ 148 കോടതികൾ സ്ഥാപിച്ചു. കേരളത്തിൽ 13 എണ്ണം മാത്രം. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഓരോ ജില്ലയിലും പ്രത്യേക കോടതി സ്ഥാപിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. കേസുകൾ കുറവുള്ള ജില്ലകളിൽ സെഷൻസ് കോടതികളെ സ്പെഷ്യൽ കോടതികളാക്കാം. ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ നിയമനം സംസ്ഥാന സർക്കാരുകളുടെയും ഹൈക്കോടതികളുടെയും ഉത്തരവാദിത്വമാണ്.


