NEWS

മലയാളികൾക്ക് ഇന്ത്യൻ റെയിൽവെയുടെ ഓണസമ്മാനം; നൂറിലധികം സ്‌പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ കാലയളവുകളിലൊന്നാണ് ഓണം. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് കേരളത്തിലേക്ക് എത്തുന്നത്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ റൂട്ടുകളിലായി 112 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്തംബർ ആറ് വരെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക.

കേരളത്തെയും രാജ്യത്തിലെ വിവിധ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിൻ സർവീസുകൾ. 112 പ്രത്യേക സർവീസുകളാണ് ഓണക്കാലത്ത് കേരളത്തിലേക്കുള്ളത്. ഇവയിൽ 54 എണ്ണം സതേൺ റെയിൽവേയും ശേഷിക്കുന്ന 58 സർവീസുകൾ മറ്റ് റെയിൽവേ സോണുകളിൽ നിന്നുമാണുള്ളത്. പ്രത്യേക ട്രെയിൻ സർവീസുകൾ കേരളത്തെ ചെന്നൈ, ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗാച്ചി തുടങ്ങിയ പ്രധാന നഗരങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കാണ് ട്രെയിൻ സർവീസുകളുള്ളത്. ഇത് ഓണാഘോഷത്തിനായി കേരളത്തിലേക്കെത്താൻ തയ്യാറെടുക്കുന്നവർക്ക് വലിയ ആശ്വാസമാകും. കൂടാതെ, ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഇത് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലധികം ട്രെയിൻ സർവീസുകളാണ് ഈ സീസണിൽ റെയിൽവേ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓണക്കാലത്ത് തിരക്കേറിയ ട്രെയിൻ യാത്രയെ കുറിച്ചുള്ള പരാതികളും കൂടുതൽ സർവീസുകൾക്കായുള്ള ആവശ്യവും ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ ആവശ്യവും ബുക്കിംഗുകളുടെ തോതും വിശകലനം ചെയ്ത ശേഷമാണ് റെയിൽവേ അധിക സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓണക്കാലം അടുത്തുവരുന്നതിനാൽ സൗകര്യപ്രദമായും വെയിറ്റിംഗ് ലിസ്റ്ര് ഒഴിവാക്കിയും യാത്ര ചെയ്യുന്നതിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Indian Railways will operate 112 special train services to Kerala from August 14 to September 6 for the Onam season. The services will connect Kerala with major cities including Chennai, Bengaluru, Mysuru, Hubballi, Hyderabad and Santragachi. Southern Railway will operate 54 services, while other zones will run 58. The increased services aim to ease festive travel demand and waiting-list pressure.
RELATED TOPICS: ONAM SPECIAL TRAINS, KERALA SPECIAL TRAINS, ONAM TRAIN SERVICES, INDIAN RAILWAY

Read News ⏭️

Back to top button