NEWS
‘വേറെ വഴിയില്ലെങ്കിൽ ഇവിടെ സംസ്കരിക്കും’; തുരങ്ക ദുരന്തത്തിൽ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

കോട്ടയം ∙ സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം സഹോദരൻ ബിനീഷ്, അനീഷിന്റെ ഭാര്യ സംഗീത എന്നിവർ തിരിച്ചറിഞ്ഞു.‘മൃതദേഹം നാട്ടിലെത്തിക്കാൻ നോക്കിയ എല്ലാ വഴികളും അടയുകയാണ്. വേറെ വഴിയില്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ സംസ്കരിക്കും. അതിന്റെ വേദനയിലാണ് ഞങ്ങൾ’– അനീഷ് മോഹന്റെ ഭാര്യ സംഗീത സദാനന്ദൻ വിങ്ങിപ്പൊട്ടി. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കിട്ടിയെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും സമയം വൈകിപ്പിച്ചെന്നാണ് ആരോപണം. മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ആരോഗ്യ വിഭാഗം നിലപാടെടുത്തത്. കേരള മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവർ ഇടപെട്ട ശേഷമാണ് സിക്കിം അധികൃതർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതെന്നും കുടുംബം പറഞ്ഞു.‘ഇവിടെ, ഈ ജനാലയിലൂടെയാണ് അനീഷ് മോഹൻ ലോകത്തോടു കഥകൾ പറയുന്നത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ് ഈ അനീഷ് മോഹൻ എന്ന്?… ചോദ്യം കൊള്ളാം… പക്ഷേ, ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്. പ്രസക്തമായതു കഥകൾ മാത്രമാണ്… കഥകൾ… മനുഷ്യന്റെ കഥകൾ… നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്നുനടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ… അവൻ സൃഷ്ടിച്ച ദൈവങ്ങളുടെയും ചെകുത്താന്മാരുടെയും കഥകൾ.. അവൻ ആകാശവും അതിലെ നക്ഷത്രങ്ങളും അളന്നു തീർത്തതിന്റെ കഥകൾ… അവൻ ചോരപ്പുഴകൾ ഒഴുക്കി ഭൂമിയെ ഋതുമതിയാക്കിയ കഥകൾ… കഥകൾ… ഒരായിരം കഥകൾ’
Fashion ⏭️


