NEWS
ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്: 16 പ്രതികളുടെ 37.59 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

കൊച്ചി ∙ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിലെ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ 16 പ്രതികളുടേതായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള 37.59 കോടി രൂപയുടെ 120ലധികം സ്ഥാവര സ്വത്തുക്കളാണ് താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. കണ്ടുകെട്ടൽ സംബന്ധിച്ച ഉത്തരവ് ഇ.ഡി റവന്യൂ അധികൃതർക്ക് കൈമാറി. അടുത്തിടെയാണ് ഇ.ഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.ബിഎസ്എൻഎൽ ജീവനക്കാരെയും സാധാരണക്കാരായ നിക്ഷേപകരെയും വഞ്ചിച്ച് 300 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് കേസ്. ഭരണസമിതി ഭാരവാഹികളും ജീവനക്കാരും ചേർന്നായിരുന്നു കോടികളുടെ ക്രമക്കേടിനു ചുക്കാൻ പിടിച്ചത്. പണം വാങ്ങിയ ശേഷം വ്യാജ റജിസ്റ്ററുകളിൽ രേഖപ്പെടുത്തുക, വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകുക, സ്വീകരിച്ച തുക സംഘത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ രേഖപ്പെടുത്താതെ സ്വന്തം അക്കൗണ്ടുകളിലേക്കും ബിനാമികളിലേക്കും വകമാറ്റുക, നിക്ഷേപകരുടെ പേരിൽ വ്യാജമായി വായ്പകളെടുക്കുക തുടങ്ങിയ രീതികളിലൂടെയായിരുന്നു തട്ടിപ്പ്. പിന്നീട് നിക്ഷേപകർ പണം തിരികെ ചോദിച്ചെങ്കിലും നൽകാൻ സംഘം തയാറായിരുന്നില്ല.
Fashion ⏭️


