NEWS
വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു; 15 വയസ്സുകാരി ക്ഷമാപണം നടത്താൻ നിർബന്ധിതയായെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും വിദ്യാർഥികളെ നിശബ്ദരാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരോടൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി കേന്ദ്രത്തെ നിശിതമായി വിമർശിച്ചത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനു എതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് പിന്തുണ നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധക്കാരുടെ വീടുകളിലേക്ക് ‘ഗുണ്ടകളെ’ അയച്ചു. പ്രതിഷേധിച്ച വിദ്യാർഥികളെ മാപ്പ് പറയാൻ നിർബന്ധിതരാക്കി. 15 വയസ്സുള്ള പെൺകുട്ടി ക്ഷമാപണം നടത്താൻ നിർബന്ധിതയായെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ചില യുവ പ്രതിഷേധക്കാരുമായി തങ്ങൾ സംസാരിച്ചു. എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്നും, തല്ലിച്ചതച്ചതെന്നും, ഭീഷണിപ്പെടുത്തിയതെന്നും അവർ പറഞ്ഞതായും രാഹുൽ വെളിപ്പെടുത്തി. വികലവും തകർന്നുകൊണ്ടിരിക്കുന്നതുമായ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത വിദ്യാർഥികൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Fashion ⏭️


