പ്രിയദർശിനി ഇനി കൂടുതൽ റൂട്ടുകളിൽ; തലസ്ഥാനത്ത് പുതിയ സർവീസുകൾ ഫ്ലാഗ് ഒഫ് ചെയ്ത് മന്ത്രി കെ മുരളീധരൻ

ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പുതിയ പ്രിയദർശിനി സർവീസുകൾ ഫ്ലാഗ് ഒഫ് ചെയ്യുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്രയുമായി കൂടുതൽ പ്രിയദർശിനി ബസുകൾ എത്തുന്നു. തിരുവനന്തപുരം നഗരത്തിൽ കൂടുതലും സർവീസ് നടത്തുന്നത് സിറ്റി ഫാസ്റ്റ് ബസുകളാണെന്നും സൗജന്യ യാത്രകൾ വളരെ കുറവാണെന്നുമുള്ള പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. പേരൂർക്കട-വികാസ്ഭവൻ ഡിപ്പോകളിൽ നിന്നുമാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
പുതിയ റൂട്ടുകളുടെ ഫ്ലാഗ് ഒഫ് പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പ്രിയദർശിനിയുടെ പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ടു പുതിയ റൂട്ടുകൾ കൂടി അനുവദിച്ചതെന്ന് ഫ്‌ളാഗ് ഒഫ് ചടങ്ങിൽ കെ മുരളീധരൻ പറഞ്ഞു.
‘പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളുടെ വികസനത്തിനായി ക്രിയാത്മക പദ്ധതികൾ നടപ്പാക്കും. പേരൂർക്കട ഡിപ്പോയിൽ ഒമ്പത് കോടിയോളം രൂപയുടെ വികസന പദ്ധതികളും ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങളടക്കമുള്ള നവീകരണ പ്രവർത്തനങ്ങളും സർക്കാരിന്റെ പരിഗണനയിലാണ്. എംഎൽഎ-എംപി ഫണ്ടുകൾ ഉൾപ്പെടെ ഇതിനായി വിനിയോഗിക്കും. വികാസ് ഭവൻ ഡിപ്പോയിൽ പുതിയ മാസ്റ്റർപ്ലാൻ തയാറാക്കി മാറ്റങ്ങൾ കൊണ്ടുവരും.’- കെ മുരളീധരൻ വ്യക്തമാക്കി.
കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരൂർക്കട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗോപകുമാർ, വികാസ് ഭവൻ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗിരീഷ് കുമാർ, രണ്ട് ഡിപ്പോകളിലേയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.
English Summary
Health and Devaswom Minister K Muraleedharan launched new Priyadarshini bus services in Thiruvananthapuram, offering free travel for women. Starting from Peroorkada and Vikas Bhavan depots, these routes aim to address complaints about limited free travel options. The expansion improves connectivity, especially in Vattiyoorkavu, with depot development plans also discussed.
RELATED TOPICS: PRIYADARSHINI KSRTC, KSRTC PRIYADARSHINI BUS, THIRUVANANTHAPURAM KSRTC, KERALA GOVERNMENT BUS SERVICE, FREE BUS SERVICE KERALA
Read News ⏭️


