NEWS

ജനസംഖ്യാ വിസ്ഫോടനത്തിന്റെ വ്യാകുലതകൾ

പ്രതീകാത്മക ചിത്രം

1987 ജൂലായ് 11 ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞപ്പോഴാണ് ഐക്യരാഷ്ട്രസഭ ജനസംഖ്യാ ദിനമായി ജൂലായ് 11 ആചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ലോക ജനസംഖ്യ 829 കോടിയിലെത്തി നിൽക്കുന്നു. അടുത്ത 7 വർഷം കൊണ്ട് അത് 1100 കോടിയിലെത്തുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ജനസംഖ്യാവർദ്ധനവിന് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുമെന്ന ആശങ്കയാണ് പ്രശ്നപരിഹാരത്തിന് ഗൗരവപൂർണ്ണമായ നടപടികൾ സ്വീകരിക്കുവാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. സാമൂഹികമായ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ദാരിദ്ര്യം കുറയ്ക്കുക, തുല്യമായ അവകാശങ്ങൾ ഉറപ്പാക്കുക, അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുക , എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുക , സാമ്പത്തിക വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുക, പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തങ്ങൾ നേരിടുന്നതിനുള്ള പ്രതിരോധശേഷി കെട്ടിപ്പടുക്കുക, ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള വിഭവങ്ങൾ സമാഹരിക്കുക, സമസ്ത മേഖലകളിലും ദാരിദ്ര്യ നിർമാർജ്ജന സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals ) നടപ്പാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ. ഇവ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ 2030 ആകുമ്പോഴേക്കും ലക്ഷ്യപ്രാപ്തിയിലെത്താമെന്ന പ്രതീക്ഷയാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്.

‘ജനങ്ങൾക്കും ഗ്രഹത്തിനും സമാധാനവും സമൃദ്ധിയും‘ എന്നതാണ് സുസ്ഥിര വികസന നടപടികളുടെ തലവാചകം. 2015 ൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള ഫലങ്ങളും റിപ്പോർട്ടുകളും സുസ്ഥിര വികസനത്തിന്റെ പാത വെല്ലുവിളികൾ നിറഞ്ഞതാണെന്നു വ്യക്തമാക്കുന്നു. പരസ്പര വിരുദ്ധമായ പ്രശ്നങ്ങൾ പദ്ധതികളെ സങ്കീർണ്ണമാക്കുന്ന പശ്ചാത്തലവും കാണാതെ പോകാനാവില്ല.

ലോകരാജ്യങ്ങളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് ഐക്യരാഷ്ട്രസഭയുടേത്. സാർവ്വത്രികവും സമഗ്രവുമായ സ്ഥിതിസമത്വം അത് ലക്ഷ്യം വയ്ക്കുന്നു. ജോൺ ഗ്രാന്റ് എന്ന ഇംഗ്ലീഷുകാരനെയാണ് ജനസംഖ്യാശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നത്. 1604 മുതൽ 1661 വരെ ലണ്ടനിൽ രേഖപ്പെടുത്തിയ ജനന മരണങ്ങളുടെ അപഗ്രഥനമാണ് ഗ്രാന്റിന് ആ പദവി നേടിക്കൊടുത്തത്. ഇന്ത്യയിലെ ജനസംഖ്യ 142 കോടി കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലെ ജനസംഖ്യ ഇപ്പോൾ ആയിരം മാത്രമാണ്.

ജനസംഖ്യാവർദ്ധനവ് ലോകത്തുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ആദ്യമായി പഠനംനടത്തിയ ധനതത്ത്വശാസ്ത്രജ്ഞനാണ് ബ്രിട്ടീഷുകാരനായ തോമസ് മാൾത്തൂസ്. ജനസംഖ്യാനുപാതികമായി ഭക്ഷ്യ വിഭവങ്ങളുടെ ഉല്ലാദനം വർദ്ധിപ്പിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെക്കുറിച്ച് ലോകത്തിന് അദ്ദേഹം മുന്നറിയിപ്പു നൽകി. ഭക്ഷ്യ വിഭവങ്ങളുടെ ഉൽപ്പാദനത്തിനനുസൃതമായി ജനസംഖ്യാനിയന്ത്രണം സാദ്ധ്യമാകണമെന്ന് മാൾത്തൂസ് ഓർമ്മിപ്പിച്ചു.

ഒരു രാജ്യത്തെ ജനന മരണങ്ങളുടെയും വിവാഹ – വിവാഹമോചനങ്ങളുടെയും രേഖയാണ് വൈറ്റൽ രജിസ്റ്റർ. ഇതിനു പുറമെ കുടിയേറ്റങ്ങളുടെ വിശദാംശങ്ങൾ കൂടി അറിയണമെങ്കിൽ പോപ്പുലേഷൻ രജിസ്റ്റർ പരിശോധിക്കേണ്ടി വരും. ജനസംഖ്യയുടെ വിശദാംശങ്ങൾ ഇവയുടെ പരിശോധനയിലൂടെ അറിയുവാൻ കഴിയും.

റിപ്പൺ പ്രഭുവിന്റെ നേതൃത്വത്തിൽ 1881 ലാണ് ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് ( സെൻസസ് ) നടന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1951 ൽ നടന്ന സെൻസസ് ഓരോ പത്തു വർഷം കൂടുന്തോറും 2011 വരെ ഏഴു തവണ നടത്തുകയുണ്ടായി. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ജനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംവിധാനങ്ങളുടെ നവീകരണമാണ് ഓരോ ജനസംഖ്യാദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഡോ. പദ്മകുമാർ ക്ലാപ്പന
RELATED TOPICS: POPULATION EXPLOSION, POPULATION GROWTH, OVERPOPULATION, POPULATION CRISIS, JANASANKHYA VISPHODANAM

Read News ⏭️

Back to top button